കോയമ്പത്തൂർ : ( www.truevisionnews.com ) ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5 - 6 ദിവസമായിട്ടുണ്ടെന്നു കണ്ടെത്തിയത്.
ജോലിക്കൊന്നും പോകാത്ത അബ്ദുൽ ജബ്ബാർ മദ്യപനായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാൽ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽ നിന്നു ദുർഗന്ധമുണ്ടെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്നു മകൻ എത്തി പരിശോധിച്ചിരുന്നു.
.gif)

എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുൽ ജബ്ബാർ കിടക്കയിൽ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകൻ തിരിച്ചു പോയി. ഞായറാഴ്ച ദുർഗന്ധം കൂടിയതോടെ അയൽക്കാർ വീണ്ടും മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തിൽ നിന്നാണു ദുർഗന്ധമെന്നു മനസ്സിലായത്. തുടർന്നാണ് പൊലീസിൽ അറിയിച്ചത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
Wife stayed in the same house for six days, not knowing her husband was dead
