ആലപ്പുഴ: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതിയും വാർത്താസമ്മേളനം അവസാനിപ്പിക്കുന്ന രീതിയും അനുകരിച്ച് കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പിണറായി മാധ്യമങ്ങളെ കാണുന്നതിന്റെ പൊതുരീതിയെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത്.

‘എന്നോട് ചോദിച്ചത് പോലുള്ള ചോദ്യങ്ങൾ പിണറായിയോട് ചോദിക്കാൻ നിങ്ങൾക്ക് കഴിയുമോ? ആദ്യത്തെ 50 മിനിറ്റ് പുള്ളി തന്നെ വായിക്കും. ബാക്കി 10 മിനിറ്റിൽ ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങളെ പോലെ (ദേശാഭിമാനി, കൈരളി ലേഖകരെ ചൂണ്ടി) മൂന്നുനാലുപേരെ ഏൽപിച്ചിട്ടുണ്ട്. നിങ്ങൾ സുഖിപ്പിക്കുന്ന ചോദ്യം ചോദിക്കും. ലജൻഡാണ്, കാരണഭൂതരാണ് തുടങ്ങിയ ചോദ്യങ്ങൾ.
അത് കഴിയുമ്പോൾ ‘സമയമായി ഏഴുമണി.. എഴുന്നേൽക്കട്ടെ, നമസ്കാരം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേൽക്കും’ -വി.ഡി. സതീശൻ പരിഹസിച്ചു. ഇതും പറഞ്ഞ് പിണറായി എഴുന്നേൽക്കുന്ന അതേ രീതിയിൽ സതീശൻ കൈകൂപ്പി എഴുന്നേറ്റ് കാണിക്കുകയും ചെയ്തു.
നിരവധി വർഷമായി സംസ്ഥാനത്ത് നടക്കുന്ന പൊലീസ് ഭരണത്തിന്‍റെ നേർസാക്ഷ്യമാണ് സർക്കാറിന്‍റെ നാലാം വാർഷകത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയായ ബിന്ദുവിനുണ്ടായതെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാല മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിനോട് ശുചിമുറിയിലെ വെള്ളം കുടിക്കാൻ പറഞ്ഞതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്ന് സതീശൻ ചോദിച്ചു. ‘ഇടത് സർക്കാറിന്‍റെ നാലാം വാർഷികത്തിൽ തലസ്ഥാന നഗരിയിലാണ് ഈ സംഭവം നടന്നത്.
വീട്ടുജോലി ചെയ്യുന്ന പാവപ്പെട്ട സ്ത്രീയെ 20 മണിക്കൂർ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ശേഷം സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു. തെറ്റുകാരിയല്ലെന്ന് തെളിഞ്ഞിട്ടും പരാതിക്കാർ പരാതി പിൻവലിച്ചിട്ടും സ്ത്രീക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരിസരത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു രാത്രി മുഴുവൻ ഒരു സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ നിർത്തുന്നതാണോ സർക്കാറിന്‍റെ നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിൽവെച്ചും സ്ത്രീ അപമാനിക്കപ്പെട്ടു. അപമാനകരമായ അനുഭവമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയ ദലിത് സ്ത്രീക്കുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നീതി ഇതാണോ?. ഇതൊരു പ്രതീകം മാത്രമാണ്’ -സതീശൻ പറഞ്ഞു.
https://www.facebook.com/share/v/1GM6HMKPYK/
vd satheesan mocks pinarayi vijayans press meet
