പാലക്കാട്: ( www.truevisionnews.com ) സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷ ഭാഗമായി ഞായറാഴ്ച കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടന്റെ പരിപാടി നടന്ന വേദിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയെന്ന് ബി.ജെ.പി നേതാവ്. തിക്കിനും തിരക്കിനുമിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്നും നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു.

ചെറിയ കോട്ടമൈതാനത്താണ് പരിപാടി നടന്നത്. ഇവിടെ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങളും മാലിന്യക്കൊട്ടകളുമെല്ലാം തകർത്തെന്നും നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് മദ്യക്കുപ്പികളും സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്നും പൊലീസിൽ പരാതി നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സംഘാടകർക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മൈതാനം ബുക്ക് ചെയ്തത് പട്ടികജാതി വകുപ്പാണ്. സർക്കാർ പരിപാടിയായതിനാൽ സൗജന്യമായാണ് നൽകിയത്. ‘ലഹരിമുക്ത കേരളം’ പരിപാടി നടത്തുന്ന എക്സൈസ് മന്ത്രി സർക്കാർ വാർഷികാഘോഷ ഭാഗമായി എൻ.ഡി.പി.എസ് കേസ് പ്രതിയെയാണ് കൊണ്ടുവന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
രണ്ടായിരത്തോളം പേർക്ക് മാത്രം പങ്കെടുക്കാൻ പറ്റുന്ന മൈതാനത്ത് പതിനായിരങ്ങളാണ് എത്തിയത്. ഇതോടെ തിക്കും തിരക്കും മൂലം 15 ഓളം പേർക്ക് പരിക്കേൽക്കുകയും പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
10,000ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങൾ. തുറന്ന വേദിയിൽ നടന്ന പരിപാടി എല്ലാവർക്കും കാണാൻ നാല് വലിയ എൽ.ഇ.ഡി സ്‌ക്രീനുകളിലും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഉൾക്കൊള്ളാവുന്നതിലുമധികം പേരെത്തിയതോടെയാണ് തിരക്ക് രൂക്ഷമായത്. ഒടുവിൽ മൂന്ന് പാട്ട് മാത്രം പാടി രാത്രി ഒമ്പതോടെ വേടൻ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
bjp leader says liquor bottles were found venue wher vedan Government brought NDPS case accused
