കൊച്ചി: ( www.truevisionnews.com ) കടുത്ത ചൂടുകാലത്തും മലയാളികൾ ബിയറിനെ കൈയൊഴിയുന്നു. രണ്ടുവർഷമായി ബാറുകളിലും മറ്റ് കേന്ദ്രങ്ങളിലും ബിവറേജസ് കോർപറേഷൻവഴിയുള്ള ബിയർ വിൽപ്പനയിൽ പത്തുലക്ഷം കെയ്‌സുകളുടെ കുറവ്. ഏകദേശം 8.6 ശതമാനമാണ് കുറവ്.

ബിവറേജസ് കോർപറേഷന്റെ കണക്കുപ്രകാരം, ബാറുകൾമുതൽ ചില്ലറ വിൽപ്പനകേന്ദ്രങ്ങൾവരെ 2024–25ൽ 1.02 കോടി കെയ്‌സ് ബിയറാണ് വിറ്റത്. 2022–23 സാമ്പത്തികവർഷം 1.12 കോടി കെയ്‌സാണ് വിറ്റഴിച്ചത്. 2023–24ൽ 1.07 കോടി കെയ്‌സായി കുറഞ്ഞു. 2024–25ൽ ഇത് വീണ്ടും കുത്തനെ താഴ്‌ന്നു. അതേസമയം, ദേശീയതലത്തിൽ ബിയർ വിൽപ്പനയിൽ ഒമ്പത് ശതമാനമാണ് വർധന.
അതേസമയം, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഉപഭോഗം കൂടി. കഴിഞ്ഞ രണ്ടുവർഷം സംസ്ഥാനത്തെ ഉപഭോഗം 2.29 കോടി കെയ്‌സായി ഉയർന്നു. മുൻകാലങ്ങളിൽനിന്ന് 9.74 ലക്ഷം കെയ്‌സുകളുടെ വർധന.
ചില്ലറ വ്യാപാരകേന്ദ്രങ്ങൾ കുറഞ്ഞതും സർക്കാർ ഉടമസ്ഥതയിലുള്ള പല വിൽപ്പനകേന്ദ്രങ്ങളിലും ചില്ലിങ് ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതുമാണ് കേരളത്തിലെ ബിയർ വിൽപ്പന കുറയാൻ കാരണം. ഡ്രാഫ്റ്റ് ബിയർപോലുള്ളവയ്‌ക്ക് അനുമതി നൽകാത്തതും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
kerala beer sales decline two years
