ബെംഗളൂരു: (truevisionnews.com) പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ സംശയിച്ച് കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. എന്താണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഉണ്ടായത് എന്നും എല്ലാം വെറും ഷോ ഓഫ് മാത്രമായിരുന്നു എന്നായിരുന്നു എംഎൽഎയുടെ പരാമർശം.

'ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് അത് മതിയാകുമോ? കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി' എന്നാണ് മഞ്ജുനാഥ് ചോദിച്ചത്.
പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. 'ഓപ്പറേഷനിൽ 100 തീവ്രവാദികളെ കൊന്നുവെന്ന് സർക്കാരിന് സ്ഥിരീകരിക്കാനായോ? നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്? നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണം'; മഞ്ജുനാഥ് പറഞ്ഞു. പഹൽഗാമിലേത് ഇന്റലിജൻസ് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്താൻ ഭീകര ക്യാമ്പുകളെ ഇന്ത്യ തകർത്തതിനെയും മഞ്ജുനാഥ് ചോദ്യം ചെയ്തു. 'എവിടെയാണ് നമ്മൾ അവരെ അടിച്ചത്? പല ചാനലുകളും പലതാണ് പറയുന്നത്. ആരോക്കെയാണ് മരിച്ചത്? ഇതിൽ ഔദ്യോഗിക സ്ഥിരീകരണമെവിടെ'; മഞ്ജുനാഥ് ചോദിച്ചു. എല്ലാ തരം യുദ്ധത്തിനും താൻ എതിരാണെന്നും ഇങ്ങനെയല്ല പരിഹാരം കാണേണ്ടത് എന്നും മഞ്ചുനാഥ് അഭിപ്രായപ്പെട്ടു.
Karnataka Congress MLA KothurGManjunath doubts India's Operation Sindoor against Pakistan
