കണ്ണൂര്‍:(truevisionnews.com) കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. തളിപ്പറമ്പിലെ കെ ഇര്‍ഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും അക്രമികള്‍ തകര്‍ത്തു. സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഇർഷാദ് ആരോപിച്ചു.

'രാത്രി 11 മണിക്കാണ് സംഭവം. ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത്. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഒന്‍പതോളം പേര്‍ അടങ്ങുന്ന സംഘമെത്തി ആക്രമിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് പോലും മനസ്സിലായില്ല. മലപ്പട്ടണത്തെ പരിപാടിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന അച്ഛനും അമ്മയും അടക്കം തളര്‍ന്നിരിക്കുകയാണ്. സിപിഐഎം പ്രവര്‍ത്തകരാണ് പിന്നില്‍', ഇര്‍ഷാദ് പറഞ്ഞു.
വിവാദ മുദ്രാവാക്യം വിളിച്ച ജാഥയില്‍ പങ്കെടുത്തിരുന്നു. മുദ്രാവാക്യം വിളിച്ചിട്ടില്ല. ജാഥയെ നിയന്ത്രിക്കുകയായിരുന്നുവെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. മലപ്പട്ടത്തെ സിപിഐഎം - യൂത്ത് കോൺഗ്രസ് സംഘർഷത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും ഭീഷണിയും കൊലവിളിയുമുണ്ടായി. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ജില്ലയിലെ പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലുമാണ് ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയർന്നത്. യൂത്ത് കോൺഗ്രസ് യാത്രയിലെ ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കും എന്ന കൊലവിളി മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപകമായി ഭീഷണി മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
പാനൂരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു കൊടി ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. മലപ്പട്ടത്ത് ഇന്നലെ നടന്ന സിപിഐഎം പ്രതിഷേധ പൊതുയോഗത്തിലും നേതാക്കൾ യൂത്ത് കോൺഗ്രസിന് ഭീഷണി മറുപടിയാണ് നൽകിയത്. ഡിവൈഎഫ്ഐയും സിപിഐഎമ്മും പ്രതിഷേധത്തിൻ്റെ മറവിൽ ജില്ലയിൽ വ്യാപക അക്രമം നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇത് തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുകയാണ്. പരസ്പരമുള്ള പോർവിളിയും ഭീഷണിയും അതിരു വിട്ടാൽ ജില്ലയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് പോലീസ് പ്രശ്ന ബാധ്യത മേഖലകളിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
Malapattam CPI(M)-Youth Congress clash-Youth Congress leader's house attacked in Taliparamba
