ബാലുശ്ശേരി:(www.truevisionnews.com) കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയിൽ മിഥുൻ റോഷൻ ബാലുശ്ശേരി പൊലീസ് പിടിയിൽ. 6.71 ഗ്രാം എംഡിഎംഎ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി പി യുടെ മേൽ നോട്ടത്തിൽ എസ് ഐ സുജിലേഷ് എം, എസ്സിപിഒ ഗിരീഷ് എൻ, എസ്സിപിഒ ഫൈസൽ, സിപിഒ രജിത എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
.gif)

അത്തോളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടി കേസിലെ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഇയാളുടെ ലഹരി വില്പനയെ പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ ഒരപകടത്തെ തുടർന്ന് പ്രതി കാലൊടിഞ്ഞ് വീട്ടിൽ കിടപ്പിലായിരുന്നു.
ലഹരി ആവശ്യക്കാർ നിരന്തരം ഇയാളുടെ വീട്ടിൽ വന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. ഇയാൾ കഴിഞ്ഞ ദിവസം വലിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് വിൽപനയ്ക്കായി പേക്ക് ചെയ്തു വച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ബാലുശേരി പോലീസ് അറിയിച്ചു.
Youth arrested with MDMA in Balussery
