കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ജില്ലയിൽ കനത്തമഴ . കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാമിന്റെ ഷട്ടർ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 0.25 അടി വീതമാണ് ഉയർത്തുന്നത്. ഡാമിന്റെ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ പുഴക്കരയിൽ താമസിക്കുന്നവർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കരിയാത്തുംപാറ, ഓട്ടപ്പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുൾപ്പടെ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
.gif)

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു
Heavy rain in Kozhikode district; Two shutters of Kakkayam dam raised
