കണ്ണൂർ: ( www.truevisionnews.com ) ജയിൽചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടാൻ വ്യാപക പരിശോധനയുമായി പൊലീസ്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്. സി 46 എന്ന ജയിൽവേഷത്തിലാണ് രക്ഷപ്പെട്ടത്.
പ്രതിയുടെ പുതിയ ചിത്രം ജയിൽ അധികൃതകർ പുറത്തുവിട്ടിട്ടുണ്ട്. ഒരുകൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
.gif)

സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
രാവിലെ പരിശോധനക്കായി ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
അമ്മയുടെ പ്രതികരണം ഇങ്ങനെ
'ഞാനിതാ ഇപ്പഴാണ് അറിഞ്ഞത്. വീട്ടിൽ ടിവിയില്ല. ഇത്രയും വലിയ ജയിൽ ഇവനെങ്ങനെ ചാടി? അതിന് സഹായം ലഭിച്ചിരിക്കുമല്ലോ. എത്രയും പെട്ടെന്ന് ഇവനെ പിടിക്കണം. ജയിൽ അധികൃതർ വിവരം അറിയാൻ വൈകിയത് കുറ്റകരം.
ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയവനാണ്. ശരീരം വിറച്ചിട്ട് എനിക്കൊന്നും വയ്യ. എത്രയും പെട്ടെന്ന് തന്നെ അവനെ പിടിക്കട്ടെ. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ജയിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായി'.
soumya murder case accused govindachamy escapes from jail
