കണ്ണൂർ : ( www.truevisionnews.com ) കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. ജില്ലയിൽ ജാഗ്രതനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി.
പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ ഏഴ് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് ആറ് മണിക്കൂറോളം പിന്നിട്ടിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
.gif)

2016-ൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രെയിനിൽ നിന്ന് വീണപ്പോൾ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാൽ ട്രെയിനിൽനിന്ന് പെൺകുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി കൊലപാതകക്കുറ്റവും അതിന് നൽകിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.
വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് പെൺകുട്ടി മരിച്ചു.
Govindachamy escaped from jail at 1.15 am, police found out at 7 am
