കൊല്ലം: (truevisionnews.com) യുഎഇയിലെ ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു. മൃതദേഹത്തിൽ ചില പാടുകളുണ്ടെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് പറഞ്ഞു. ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് വിപഞ്ചികയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടത്തുന്നത്.
പോസ്റ്റുമോർട്ടം പൂർത്തിയായിക്കഴിഞ്ഞാൽ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി മുകേഷ് പറഞ്ഞു. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
.gif)

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
കഴിഞ്ഞ പത്താം തിയതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷിനൊപ്പം യുഎഇയിലായിരുന്നു താമസം. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
Re postmortem of the body of vipanchika who committed suicide in Sharjah is in progress
