( www.truevisionnews.com ) സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവായിരുന്നു വിഎസ്. പദവികള്‍ മാറിയപ്പോഴും ആ നിലപാടില്‍ വിഎസ് വെള്ളം ചേര്‍ത്തില്ല. കാലം മാറി, പദവികള്‍ മാറി, കര്‍ക്കശ്യക്കാരനായ വിഎസ് അത് അല്പം കുറച്ച് ജനകീയനായി.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ അപ്പോഴും കര്‍ക്കശ്യം വിടാതെ പ്രതികരിച്ചു വിഎസ്. സൂര്യനെല്ലിയും വിതുരയും കവിയൂരും കിളിരൂരുമൊക്കെ മറവിയിലേക്ക് നടന്നപ്പോഴും വിഎസ് മറന്നില്ല. അവിടെയെല്ലാം ഇരകള്‍ക്കായി വിഎസിന്‍റെ ശബ്ദമുയര്‍ന്നു. അന്വേഷണം നേര്‍വഴിക്കെന്നുറപ്പിക്കാന്‍ ജാഗ്രതയോടെ നിന്നു. കോടതികള്‍ കയറിയിറങ്ങി. നിയമസഭയ്ക്കത്തും പുറത്തും ശബ്ദമുയര്‍ത്തി. തെളിവില്ലെന്ന് പറഞ്ഞ് നീതിപീഠങ്ങള്‍ കയ്യൊഴിയുന്ന കേസില്‍ പുനരന്വേഷണ സാധ്യതകള്‍ തിരഞ്ഞ് ഹര്‍ജികളെത്തി.
.gif)

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുപോലെ അവസാനിക്കാത്ത പോരാട്ടങ്ങള്‍ പലത്. തടയിടാന്‍ പാര്‍ട്ടിയെത്തിയപ്പോഴും വഴങ്ങാതെ നിന്നു വിഎസ്. കിളിരൂര്‍ കേസിലെ വിഐപി വിവാദത്തില്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും വിഎസ് പിന്നാക്കം പോയില്ല. സ്ത്രീപീഡകരെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് വിഎസ് പറഞ്ഞപ്പോള്‍ ജനം കൂടെ നിന്നു.
പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥി വധക്കേസിലും വാളയാര്‍ കേസിലുമൊക്കെ ആ ഉറച്ച ശബ്ദം കേരളം കേട്ടു. സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിക്ക് സമ്മര്‍ദം ചെലുത്തി. പി.ശശിയും പി.കെ.ശശിയുമൊക്കെ അതിന്‍റെ ചൂടറിഞ്ഞു. മൂന്നാറിലെ പൊമ്പിളൈ ഒരുമ സമരത്തെ പാര്‍ട്ടി തള്ളി പറഞ്ഞപ്പോള്‍ പിന്തുണയുമായി വിഎസെത്തി.
പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് ടി.പി.ചന്ദ്രശേഖരന്‍റെ വീട്ടിലെത്തി രമയെ ചേര്‍ത്തുപിടിച്ചപ്പോള്‍, രാഷ്ട്രീയ നിലപാടിനൊപ്പം തെളിഞ്ഞത് മനുഷ്യത്വം. ശബരിമല സ്ത്രീ പ്രവേശനത്തിലും വിഎസിന്‍റേത് ഇടറാത്ത ശബ്ദമായി. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനുമില്ലാത്ത സ്ഥാനമുണ്ട് വിഎസിന് സ്ത്രീകളുടെ മനസില്‍. അതാണ് വിഎസിന്‍റെ പരിപാടികളില്‍ സദാ കണ്ട സ്ത്രീ പങ്കാളിത്തം.
VS's voice is raised for the victims, a leader who is uncompromising on violence against women
