‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം
Jul 22, 2025 11:28 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നെന്ന് അദ്ദേഹം പറഞ്ഞു.

സമരങ്ങളുടെ സന്തതസഹചാരിയായാണ് വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമര്‍ശിക്കപ്പെട്ട നെല്‍വയല്‍ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങള്‍, പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ സമീപകാലത്ത് വി എസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ പലതായിരുന്നുവെന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വി എസ് എന്നും ബിനോയ് വിശ്വം കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

നിലപാടുകളിലെ ‌‌‌സ്‌ഫടിക സമാനത കൗതുകങ്ങളും കളിയനുഭവങ്ങളും നിറഞ്ഞതായിരുന്നില്ല വി എസ് അച്യുതാനന്ദനെന്ന പോരാളിയുടെ ബാല്യ കൗമാരങ്ങൾ. നാലുവയസുള്ളപ്പോൾ വസൂരി ബാധിച്ച് മാതാവിനെയും 11-ാം വയസിൽ പിതാവിനെയും നഷ്ടപ്പെട്ട കൗമാരക്കാരന് അത്തരം കൂതൂഹലങ്ങൾ ലഭിക്കുന്നതിന് അനുയോജ്യമായ ജീവിത പരിസരമായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റേത്.

നാലുമക്കളിൽ രണ്ടാമനായവന് തനിക്ക് താഴെയുള്ളവരുടെ ജീവിതഭാരവും കൂടി വഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച് മൂത്ത സഹോദരൻ ഗംഗാധരനൊപ്പം ജൗളിക്കടയിൽ സഹായിയാകേണ്ടിവന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം നേടാനാകാതെ പോയ അദ്ദേഹം പക്ഷേ ജീവിതാനുഭവങ്ങളുടെ പാഠശാലകളിലും വായനാ മുറികളിലും നിന്ന് നേടിയ വിജ്ഞാനത്തിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയവരെക്കാൾ ഉന്നതതലങ്ങളിലെത്തി.

കേരള ചരിത്രത്തിന്റെ ഗതിനിർണയം നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ കേന്ദ്രമായി മാറിയ പുന്നപ്രയിലെ പറവൂർ ജങ്ഷനിലെ സഹോദരന്റെ ജൗളിക്കടയിലെത്തുന്നവർ നടത്തിയ രാഷ്ട്രീയ ചർച്ചകളിലൂടെയാണ് അവിടെ ജോലിക്കാരനായിരുന്ന വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ബോധ്യങ്ങൾ നിർണയിക്കപ്പെട്ടത്. പിന്നീട് കടയുടെ പരിസരത്തെ ആസ്പിൻവാൾ കയർ കമ്പനിയിൽ ജോലിക്ക് ചേർന്ന് തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായതോടെ അദ്ദേഹത്തിലെ അധഃസ്ഥിതി വർഗ സംഘാടകന്റെ പൂർണരൂപം പരുവപ്പെട്ടു.

ആലപ്പുഴയിൽ അപ്പോൾ കമ്മ്യൂണിസ്റ്റ്, തൊഴിലാളി മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നദികളൊഴുകിത്തുടങ്ങിയിരുന്നു. സൈമൺ ആശാൻ, ആർ സുഗതൻ, കെ വി പത്രോസ്, പി കൃഷ്ണപിള്ള, ടി വി തോമസ് എന്നിങ്ങനെ നേതാക്കളുടെ കാർമികത്വത്തിൽ കയർ, മത്സ്യം, ഓയിൽ ആന്റ് കന്നിട്ട, ചെത്ത് മേഖലകളിലെ തൊഴിലാളികളുടെ സംഘടിതരൂപം പിറവിയെടുക്കുന്ന കാലം. അവരുടെ നേതൃത്വത്തിലുള്ള കയർത്തൊഴിലാളി സംഘടനയിലേക്കാണ് വിഎസ് ചുവടുവച്ചെത്തിയത്. പിന്നീട് സംഘടനയുടെ ഭാരവാഹിയായും മാറി.

1940ൽ സിപിഐ അംഗമായ അദ്ദേഹം പാർട്ടി നിർദേശപ്രകാരം 1941ൽ കുട്ടനാട്ടിലെത്തുകയും ജന്മി, ഭൂപ്രഭുക്കന്മാർക്കു കീഴിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് 18 വയസായിരുന്നു.

യൗവനത്തിലെത്തുന്നതിന് മുമ്പുതന്നെ നാട്ടിൽ നിന്ന് വിട്ട് തൊഴിലാളി സംഘാടനത്തിനെത്തിയ വിഎസിന് നഷ്ടമായ ബാല്യ, കൗമാരങ്ങളുടെ സ്വാഭാവിക ജീവിതത്തെ ഈ ആദ്യകാലത്തിന്റെ വായനയിലൂടെ നമുക്ക് മനസിലാക്കാനാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രവർത്തകരും നേതാക്കളും ഒളിവിലും ജയിലിലും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ അവശേഷിപ്പുകൾ – 1940കളിലെയും 1948ൽ കൽക്കട്ടാ തീസീസിന്റെ കാലത്തുമുണ്ടായ തീവ്രാനുഭവങ്ങൾ – വിഎസിന്റെ ശരീരത്തിലും ബാക്കിയുണ്ട്.

ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും അദ്ദേഹം തന്റെ ആശയപഥത്തിൽ ഉറച്ചുനിന്നു. ദുരിതങ്ങളുടെ കയർ പിരിച്ചും പാടങ്ങളിൽ വിയർപ്പൊഴുക്കിയും ജീവിതം തുന്നിച്ചേർക്കുന്ന തൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വിഎസ്. കിടപ്പുജീവിതത്തിലേക്ക് മാറുന്നതിനിടയാക്കിയ പക്ഷാഘാതം പിടികൂടുന്ന 2019 അവസാനം വരെ അദ്ദേഹത്തിന്റെ സമരഭരിതവും അതേസമയം നിലപാടുകളിൽ വിട്ടുവീഴ്ചയുമില്ലാത്തതുമായ സമരജീവിതത്തിന് നാം നേർസാക്ഷികളായി.

അകത്തും പുറത്തും കലാപകാരിയായിരുന്നു വിഎസ് എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതം പഠിച്ചവർക്ക് അതിശയോക്തിയാവില്ലത്. പാർട്ടിക്കകത്തുണ്ടായ അഭിപ്രായ ഭിന്നതകളിൽ ഒരു പക്ഷം പിടിക്കുമ്പോഴും താൻ നിൽക്കുന്ന ഭാഗമാണ് ശരിയെന്ന് അദ്ദേഹം കർശന നിലപാടെടുത്തു. 1964ൽ സിപിഐയിൽ ഭിന്നിപ്പിനിടയാക്കിയ അഭിപ്രായ ഭിന്നതയുടെ കാലത്ത് അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു.

ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ വിഎസ്, ഒരാളായത് അതുകൊണ്ടായിരുന്നു. സമരങ്ങളുടെ സന്തതസഹചാരിയായാണ് വർത്തമാനകാല കേരള ചരിത്രത്തിൽ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമർശിക്കപ്പെട്ട നെൽവയൽ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങൾ, പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങൾ എന്നിങ്ങനെ സമീപകാലത്ത് വിഎസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങൾ പലതായിരുന്നു.

പ്രതിപക്ഷത്തായിരിക്കുമ്പോൾ താൻ നയിച്ച പ്രക്ഷോഭങ്ങൾക്കുശേഷം അതിലുന്നയിച്ച ആവശ്യങ്ങളുടെ നിയമപരമായ സാധൂകരണത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയുമായി. മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തില‍‍െ നെൽവയൽ സംരക്ഷണ നിയമവും വനം സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ നിലപാടുകളും മൂന്നാറിലുൾപ്പെടെ അനധികൃത കയ്യേറ്റത്തിനെതിരായ ഭരണനടപടികളും നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി.

അവിടെയും നിലപാടിന്റെ കാർക്കശ്യത്തിനിടെ പാർട്ടിയുടെ വൃത്തത്തിന് പുറത്തുകടന്ന വിഎസിനെയും ചില വേളകളിൽ നാം കാണുകയുണ്ടായി. വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമസഭാംഗവും മുഖ്യമന്ത്രിയായിരുന്ന അഞ്ചുവർഷം വനം, ഭവന നിർമ്മാണ വകുപ്പുകളുടെ ചുമതല വഹിച്ച മന്ത്രിയുമായിരുന്നതിന്റെ ഊഷ്മളമായ നിരവധി അനുഭവങ്ങൾ ഈ കുറിപ്പെഴുതാനിരിക്കുമ്പോൾ മനസിലേക്ക് കടന്നുവരുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് വനവും വന്യജീവിസംരക്ഷണവുമെന്നതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടികളെയും കലവറയില്ലാതെ പിന്തുണച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എം എൻ ഗോവിന്ദൻ നായരുടെ കാലത്ത് ആരംഭിച്ച ലക്ഷം വീട് പദ്ധതികളുടെ നവീകരണമുൾപ്പെടെ ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള ഭവന വകുപ്പിന്റെ പദ്ധതികൾക്കും അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടി.

വികസനത്തിന്റെ പേരിലുള്ള മരം നശീകരണത്തിനെതിരെ വനംമന്ത്രിയെന്ന നിലയിലെടുത്ത നിലപാടുകളും നടപടികളും പ്രതീക്ഷിക്കാത്ത ചില കോണുകളിൽ നിന്ന് വിമർശനം വരുത്തിയപ്പോഴും മുഖ്യമന്ത്രിയെന്ന നിലയിൽ വിഎസ് കൂടെ നിന്നത് നല്ല ഓർമ്മകളിലൊന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയശേഷം പ്രതിപക്ഷ നേതാവായും 2016 മുതൽ അഞ്ചുവർഷക്കാലം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനെന്ന നിലയിൽ ഭരണ നടപടികൾ ജനോപകാരപ്രദമാക്കുന്നതിനുള്ള മാർഗനിർദേശകനായും അദ്ദേഹത്തിലെ പോരാളിയെയും നേതാവിനെയും പിന്നീടും കേരളം കണ്ടു.

ജീവിതകാലം മുഴുവൻ മികച്ച സംഘാടകനും പാർശ്വവൽകൃത വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ജനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകിയ ഭരണാധികാരിയും അതേസമയംതന്നെ നിലപാടുകളിൽ കാര്‍ക്കശ്യവും ജീവിതത്തില്‍ സ്ഫടിക സമാനമായ വിശുദ്ധിയും കാത്തുസൂക്ഷിച്ച മനുഷ്യനുമൊക്കെ ആയാണ് വിഎസിനെ കേരളം എക്കാലവും ഓർക്കുക.

CPI State Secretary binoyviswam remembers VS Achuthanandan

Next TV

Related Stories
'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Jul 22, 2025 06:27 PM

'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

ന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി....

Read More >>
തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

Jul 22, 2025 05:51 PM

തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

വിഎസിൻ്റെ വിയോഗം: തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര...

Read More >>
'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

Jul 22, 2025 05:23 PM

'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി വിഎസിനെ അനുസ്മരിച്ച് കെ കെ രമ എംഎൽഎയുടെ ഫേസ്ബുക്ക്...

Read More >>
വി എസിന് ലാൽ സലാം...; വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Jul 22, 2025 04:32 PM

വി എസിന് ലാൽ സലാം...; വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

വി എസ് അച്യുതാനന്ദന്റെ വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ ...

Read More >>
 പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നൽകിയത് വി എസ് -വി.ഡി സതീശൻ

Jul 22, 2025 03:45 PM

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നൽകിയത് വി എസ് -വി.ഡി സതീശൻ

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകിയെന്ന് വി.ഡി സതീശൻ...

Read More >>
Top Stories










//Truevisionall