മഞ്ചേശ്വരം: ( www.truevisionnews.com ) കുഞ്ചത്തൂരിൽ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുന്നതിനിടെ ലോറിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത് ഗണപതി (23) എന്നിവരാണ് മരിച്ചത്. ഗുജറാത്ത് ആസ്ഥാനമായ എടിഎംഎസ് കമ്പനിയുടെ തൊഴിലാളികളാണ് ഇവർ.
ഇന്നലെ വൈകുന്നേരം ആറു മണിക്കായിരുന്നുഅപകടം. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.gif)

മറ്റൊരു സംഭവത്തിൽ, പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഓട്ടോഡ്രൈവറും യാത്രക്കാരനും ആണ് മരിച്ചത്. തൃക്കല്ലൂർ സ്വദേശികളായ അസീസ്, അയ്യപ്പൻകുട്ടി എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് തച്ചമ്പാറയിൽ എട്ടു മണിയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർ അസീസിൻ്റെ മരണ വിവരമറിഞ്ഞതിന് പിന്നാലെ ഭാര്യമാതാവിൻ്റെ സഹോദരി മരിച്ചു. തൃക്കലൂർ കമ്മളാംകുന്ന് നഫീസയാണ് മരിച്ചത്. മരണ വിവരം കേട്ടയുടനെ ബോധരഹിതയായ നഫീസയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസീസിന്‍റെ വീട്ടിലാണ് നഫീസയും താമസിച്ചിരുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ദേശീയപാതയിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് ഇറങ്ങുകയായിരുന്നു ഓട്ടോറിക്ഷ. അതിനിടെയാണ് ബസ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഇരുവരുടെയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Two workers died one seriously injured in lorry accident while installing camera on national highway
