കോഴിക്കോട്: ( www.truevisionnews.com ) കൊലപാതകമുണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരേ അന്വേഷണം തുടങ്ങി. ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കെതിരേ ഉണ്ടായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശചെയ്തതെന്നാണ് അറിയുന്നത്. ഒരാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും മറ്റുരണ്ടുപേര്‍ അന്ന് രാത്രി ജീപ്പില്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുമാണ്.
മേയ് 24-ന് ബേപ്പൂരില്‍ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബേപ്പൂരില്‍ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്തിന് 50 മീറ്റര്‍ ദൂരത്ത് പോലീസ് ജീപ്പ് ഉണ്ടായിരുന്നു. ലോഡ്ജിനടുത്തുള്ള മരം കടപുഴകിവീണതിനെത്തുടര്‍ന്നാണ് പോലീസ് അവിടെയെത്തിയത്.
.gif)

ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് വന്ന് പറഞ്ഞു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
കൂടാതെ 'മരംവീണത് നോക്കാനാണ് എത്തിയതെന്നും നീ നിന്റെ പണിനോക്കി പോയ്ക്കോ' എന്നും പറഞ്ഞ് അങ്ങോട്ടുപോയില്ലെന്നാണ് പരാതിയുണ്ടായത്. ഇയാള്‍ ഉടന്‍ ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അവിടെ പാറാവിന്റെ ചുമതലക്കാരനായ പോലീസുകാരനെയും അറിയിച്ചു. എന്നാല്‍, അയാളും അവിടേക്ക് വന്നില്ലെന്നാണ് ആക്ഷേപം. ഇതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം ആരംഭിച്ചത്.
ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീസ്റ്റാര്‍ ലോഡ്ജില്‍ അനീഷ് എന്നയാള്‍ എടുത്ത വാടകമുറിയില്‍ മൂന്നുദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കല്‍ മുദാക്കര ജോസ് (35) എന്നയാളാണ് കൊലചെയ്തതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. ലോഡ്ജില്‍ ജോസിന്റെ സുഹൃത്ത് അനീഷ് വാടകയ്‌ക്കെടുത്ത മുറിയില്‍ അനീഷും മറ്റുമൂന്നുപേരുമാണ് താമസിച്ചിരുന്നത്.
Murder at Kozhikode lodge Three policemen chased away after they shouted abuse person investigation underway against them
