കൂത്തുപറമ്പ് (കണ്ണൂർ): ( www.truevisionnews.com ) മാങ്ങാട്ടിടം ഉപ്പിലപീടികയിൽ പൊലീസ് കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. സ്റ്റീൽ കണ്ടെയ്നറിനകത്ത് മണൽ നിറച്ചാണ് ബോംബെന്ന് തോന്നിപ്പിക്കുന്നവ ഒളിപ്പിച്ച് വെച്ചിരുന്നത്. ഉപ്പിലപീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആറു സ്റ്റീൽ കണ്ടെയ്നറുകളാണ് കണ്ടെത്തിയത്.
സ്റ്റീൽ ബോംബ് ആണെന്ന നിഗമനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് വിജനമായ സ്ഥലത്തെത്തിച്ച് നിർവീര്യമാക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ബോംബാണെന്ന് വ്യക്തമായത്. കിണവക്കൽ- വേങ്ങാട് റോഡിലെ ഉപ്പിലപീടിക ഓയിൽ മില്ലിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മരത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ചനിലയിലായിരുന്നു സ്റ്റീൽ കണ്ടെയ്നറുകൾ.
.gif)

തേങ്ങ ശേഖരിക്കാൻ പറമ്പിലെത്തിയ സ്ഥലം ഉടമ പ്രകാശനാണ് ബോംബെന്ന് തോന്നിപ്പിക്കുന്നവ ആദ്യം കാണുന്നത്. തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോംബുകൾ കണ്ടെത്തിയ സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ബോംബല്ലെന്ന് വ്യക്തമായതോടെ ആശ്വാസത്തിലായിരിക്കയാണ് പ്രദേശവാസികൾ.
police confirm fake bomb found in kannur uppilapeedika
