(truevisionnews.com) സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവന്ന് പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി.
ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
.gif)

സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ കീഴടങ്ങുമെന്ന് പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് പ്രതി പറയുന്നു. തനിക്കും തന്റെ സുഹൃത്തുക്കൾക്കും ഉൾപ്പെടെ ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടെന്നും മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രതി നൗഷാദ് പറയുന്നു.
പലയിടങ്ങളിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെൻറ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പോലീസിന്റെ കൈവശമുണ്ട്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു എന്ന് പ്രതി നൗഷാദ് പറഞ്ഞു.
രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യാൻ തന്നെ വന്നതാണ്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹേമ ചന്ദ്രൻ താമസിച്ചത്. ആവശ്യമെങ്കിൽ അയാൾക്ക് പോകാമായിരുന്നു. വീട്ടിൽ ആക്കിയപ്പോഴും പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടതെന്ന് നൗഷാദ് പറഞ്ഞു.
ഹേമ ചന്ദ്രൻറെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. 2024 ഏപ്രിലിലാണ് ഹേമചന്ദ്രനെ കാണാതായത്. തമിഴ്നാട് ചേരമ്പാടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ലായിരുന്നു. 4 അടി താഴ്ചയിൽ നിന്നാണ് മൃതദ്ദേഹം കിട്ടിയത്.
Hemachandran death Accused Noushad facebook post
