തിരുവനന്തപുരം: ( www.truevisionnews.com ) മെഡിക്കൽ കോളജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. വിവിധ വകുപ്പ് മേധാവികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയായിരിക്കും വിദഗ്ധസമിതി മന്ത്രിക്ക് റിപ്പോർട്ട് നൽകുക.
ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കമുള്ള നൂലാമാലകൾ ലഘൂകരിക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങി എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
.gif)

ആലപ്പുഴ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമായിരുന്നു ഡോക്ടർ ഹാരിസ് ചിറക്കൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. വിവിധ വകുപ്പ് മേധാവികൾ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വകുപ്പ് മേധാവികൾ വ്യക്തമാക്കി. വകുപ്പ് മേധാവികൾക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിച്ച വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മറ്റ് തുടർ നീക്കങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടക്കുക. സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിദഗ്ധസമിതിക്ക് മുമ്പാകെ ഉയർന്നെങ്കിലും, കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. അതേസമയം താൻ ഉന്നയിച്ച ആരോപണങ്ങളിൽ അടക്കം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഡോക്ടർ ഹാരിസ്.
ഇന്നലെ രാവിലെയോടെ ഉപകരണങ്ങൾ മെഡിക്കൽ കോളജിൽ എത്തിച്ച് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിരുന്നു. മറ്റ് വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച കണക്കെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
Dr. Harris revelation Expert committee submit report today
