മലപ്പുറം : (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. 17 കാരിയെ പീഡിപ്പിച്ച കേസിലാണ് പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ വീട്ടില്‍ എം. സരുണിനെയാണ് (24) മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
കൂടാതെ സര്‍ക്കാറിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 2018 ജൂണ്‍ മുതല്‍ 2020 ആഗസ്റ്റ് വരെ കാലയളവില്‍ പലതവണ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും സ്വർണാഭരണങ്ങളും പണവും അപഹരിച്ചതായും പരാതിയുണ്ട്. അരീക്കോട് പൊലീസ് എസ്.ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.gif)
ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനായി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 31 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
minor girl sexually assaulted young man sentenced 38 years prison fine of Rs 4.95 lakh
