കൊച്ചി: ( www.truevisionnews.com ) എറണാകുളംതിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അമ്മ. കയറി വന്നപ്പോൾ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിനെക്കുറിച്ച് പൊലീസുകാർ ചോദിച്ചപ്പോൾ ഓർക്കുന്നില്ലെന്നായിരുന്നു മറുപടി. സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു. 'ഏഴുമണിക്കാണ് സന്ധ്യ കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോൾ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോൾ ഒരു കൂസലുമില്ലായിരുന്നു.
സന്ധ്യയുടെ അച്ഛനും ചോദിച്ചു. ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയിൽ വെച്ച് കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഭർത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല. പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..'സന്ധ്യയുടെ അമ്മ പറഞ്ഞു.
മക്കളോട് സന്ധ്യക്ക് സ്‌നേഹക്കുറവുണ്ടായിരുന്നു. ഭർത്താവിന്റെ അമ്മയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാൽ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു. 'വീട്ടിൽ നിന്ന് പലപ്പോഴും പൈസയൊക്കെ വാങ്ങാറുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപ അവളുടെ അക്കൗണ്ടിലിട്ട് കൊടുത്തിടുരുന്നു.അത് മുഴുവൻ തീർന്നു.
ഭർത്താവിനോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞു. ഒരു ലക്ഷം തീർന്നപ്പോൾ വീണ്ടും പൈസ ചോദിച്ച് വന്നിരുന്നു. എന്റെ വള വിറ്റ് പണം തരണമെന്നും പറഞ്ഞിരുന്നു. പൈസ കൊടുത്തത് ഭർത്താവിന്റെ വീട്ടുകാർക്ക് അറിയില്ല. അടുത്തിടെ രണ്ടു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നു'. കുട്ടിയെ കൊല്ലാൻ മാത്രം എന്തുണ്ടായെന്ന് അറിയില്ലെന്നും സന്ധ്യയുടെ അമ്മ പറയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.ബസ് യാത്രക്കിടെ കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും ആദ്യം ഇതുതന്നെ പറഞ്ഞെങ്കിലും പുഴയിലെറിഞ്ഞെന്ന് പിന്നീട് മൊഴി നല്‍കി. കുട്ടിയുമായി സന്ധ്യ പോകുന്ന സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി.
സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്.ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു.
അതിനിടെ സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരിശോധനക്കായി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് ഡോക്ടറെ എത്തിക്കും.സന്ധ്യയെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കൊലപാതകത്തിന് ശേഷവും സന്ധ്യക്ക് കൂസലൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തിയ സന്ധ്യ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പൊലീസ്.
sandhyas mother says she doesnt have any mental problem
