പന്തളം: ( www.truevisionnews.com ) മോഷ്ടിച്ച സ്കൂട്ടറിലെ വിലപ്പെട്ട രേഖകൾ തിരിച്ചുതരണമെന്ന ഉടമയുടെ അഭ്യർഥന കള്ളൻ കേട്ടു. രഹസ്യമായി ഉടമയുടെ ഹോട്ടലിൽ രേഖകൾവെച്ച് കള്ളൻ സ്ഥലം വിട്ടു. പന്തളം കുരമ്പാല ജങ്ഷനിലാണ് സംഭവം.

ഈ മാസം ഒന്നിനാണ് കുരമ്പാല കാണിക്കവഞ്ചി ജങ്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുന്ന കുറ്റിവിളയിൽ ശ്രീജയുടെ സ്കൂട്ടർ മോഷണം പോയത്. പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ഇൻഷുറൻസ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളാണ് സ്കൂട്ടറിനൊപ്പം ശ്രീജക്ക് നഷ്ടമായത്. മോഷ്ടാവ് സ്കൂട്ടറുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
സ്കൂട്ടർ നഷ്ടപ്പെട്ടതിനേക്കാൾ ശ്രീജയെ വിഷമത്തിലാക്കിയത് രേഖകൾ നഷ്ടപ്പെട്ടതാണ്. ഇതിനിടെയാണ് രഘു പെരുമ്പുളിക്കൽ എന്ന പൊതുപ്രവർത്തകൻ മുൻകൈയെടുത്ത് കള്ളനോട് സമൂഹമാധ്യമംവഴി അഭ്യർഥന നടത്തുന്നത്. 'സ്കൂട്ടർ നിങ്ങളെടുത്തോളൂ, ദയവായി അതിലെ രേഖകൾ തിരികെ നൽകണം' എന്ന ശ്രീജയുടെ ശബ്ദ സന്ദേശം സഹിതമാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
സ്പീഡ് പോസ്റ്റിലോ കൊറിയർ സർവീസിലോ അയച്ചു നൽകണമെന്നായിരുന്നു ശ്രീജ യുടെ അഭ്യർഥന. സ്കൂട്ടർ സ്റ്റാർട്ടാക്കാതെ ഉരുട്ടിക്കൊണ്ടുപോകുന്നതും പിന്നീട് ഓടിച്ചുപോകുന്നതുമായ സി.സി.ടി.വി ദൃശ്യത്തിനൊപ്പമായിരുന്നു ശ്രീജയുടെ ശബ്ദസന്ദേശമിട്ടിരുന്നത്.
കനിവുള്ള കള്ളനാണെങ്കിൽ തിരികെ കിട്ടട്ടെ എന്ന് കരുതി പോസ്റ്റ് ചെയ്തതാണെങ്കിലും അത് ലഭിക്കുന്ന പ്രതീക്ഷയെന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ശ്രീജയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം രാവിലെ 5.45-ന് ഹോട്ടലിന്റെ ഷട്ടർ തുറന്നശേഷം വൃത്തിയാക്കാനായി തറയിലെ ചവിട്ടി മാറ്റിയപ്പോഴാണ് രേഖകളടങ്ങിയ ഫയൽ കാണുന്നത്. പരിശോധനയിൽ തന്റെ ആധാർ കാർഡും വായ്പ വാങ്ങി സൂക്ഷിച്ചിരുന്ന 7500 രൂപയും ഒഴികെ എല്ലാ ഭദ്രമായുണ്ടെന്ന് ശ്രീജ പറയുന്നു.
thief returned valuable document stolen scooter
