കിയവ്: യുക്രെയ്നിൽ വീണ്ടും ഡ്രോൺ ആക്രമണവുമായി റഷ്യ. വടക്കുകിഴക്കൻ സുമി മേഖലയിൽ ഇന്ന് രാവിലെ ബസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് വർഷത്തിനിടെ ആദ്യമായി തുർക്കിയയിലെ ഇസ്തംബൂളിൽ യുക്രെയ്നുമായി വെടിനിർത്തൽ ചർച്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. കരയുദ്ധം നടക്കുന്ന പ്രദേശത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള സുമിയിലെ ബിലോപില്ലിയ നഗരത്തിലാണ് ആക്രമണമുണ്ടായത്.
ബോംബിങ്ങിൽ തകർന്ന ബസിന്റെ ചിത്രങ്ങൾ യുക്രെയ്ൻ പൊലീസ് പങ്കുവെച്ചു. വയോധികരായ സ്ത്രീകളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. യുദ്ധത്തെ തുടർന്ന് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണം. ഒരു സുരക്ഷ ഭീഷണിയും ഉയർത്താത്ത പൊതുഗതാഗത സംവിധാനത്തിന് മേൽ ബോധപൂർവം ആക്രമണം നടത്തിയത് റഷ്യയുടെ മറ്റൊരു യുദ്ധക്കുറ്റമാണെന്ന് സുമി മേഖല ഭരണകൂടം ടെലിഗ്രാമിൽ ആരോപിച്ചു.
അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. അതേസമയം, നിരുപാധിക വെടിനിർത്തൽ നിരസിച്ചാൽ റഷ്യക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്ന് അദ്ദേഹം എക്സിൽ ആവശ്യപ്പെട്ടു.
Drone attack again after ceasefire talks Nine killed in Ukraine
