സയാബുരി: ( www.truevisionnews.com ) കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകൾ കൊണ്ടുള്ള വിഭവം കഴിച്ച് ലാവോസിൽ മരിച്ചത് ആറ് പേർ. പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ലാവോസിലെ സയാബുരിയിലാണ് സംഭവം. മേഖലയിൽ വിഷക്കൂൺ കഴിച്ച് ആറ് പേർ മരിക്കുകയും നിരവധിപ്പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നിർദ്ദേശം നൽകിയത്.

മെയ് 13നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലെ സംഭവത്തോടെ 2025ൽ മാത്രം 8 പേരാണ് ലാവോസിൽ വിഷക്കൂൺ കഴിച്ച് മരണപ്പെട്ടത്. പാക് ലോംഗ് വില്ലേജ്, സൈസാത്തൻ, നാപോംഗ്, ഹോംഗ്സ എന്നിവിടങ്ങളിലായാണ് ആളുകൾ വിഷക്കൂൺ കഴിച്ച് മരിച്ചത്.
അടുത്തിടെ മഴ ശക്തമായതിന് പിന്നാലെ ലഭിച്ച കൂണുകളാണ് മരിച്ചവരിൽ ഏറെയും കഴിച്ചിട്ടുള്ളത്. പാകം ചെയ്ത കൂൺ കഴിച്ച ശേഷം തലവേദന, തലകറക്കം, ഛർദ്ദി, വയറുവേദന, ഒഴിച്ചിൽ എന്നിവ അനുഭവപ്പെട്ടതിന് പിന്നാലെ പലരും ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് സയാബുരി ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കൂൺ കഴിച്ചതിന് പിന്നാലെയുള്ള ആരോഗ്യ തകരാറുകൾ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നാണ് നിർദ്ദേശം വ്യക്തമാക്കുന്നത്.
തിരിച്ചറിയാത്ത കൂണുകൾ കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളേക്കുറിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും മേഖലയിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Six people died tragically after eating mushrooms sprouted after the rain several others are undergoing treatment
