മലപ്പുറം:(truevisionnews.com) മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള മൂന്ന് ഡോക്ടര്‍മാരുടെ സംഘം കാളികാവില്‍ എത്തി. കടുവയുളള പ്രദേശം വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. 50 ക്യാമറ ട്രാപ്പുകള്‍ ഇന്നുതന്നെ സ്ഥാപിക്കും. മൂന്ന് പ്രത്യേക സംഘങ്ങള്‍ ദൗത്യത്തിന് ഇറങ്ങും. മൂന്ന് കൂടുകള്‍ സ്ഥാപിക്കും.

ഡ്രോണ്‍ സംഘം നാളെ രാവിലെയോടെ എത്തും. ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുളള ശ്രമം നടത്തുമെന്ന് അരുണ്‍ സക്കറിയ പറഞ്ഞു. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാല്‍പ്പാടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പൂര്‍ണ ആരോഗ്യവാനാണ് കടുവയെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ്. 50 ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
പ്രദേശത്ത് കടുവയുടെ കാല്‍പ്പാട് നേരത്തെയും കാണിച്ചുകൊടുത്തിരുന്നെന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധത്തിനൊടുവില്‍ ഗഫൂറിന്റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കി. പത്തുലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.
Tapping worker killed in tiger attack mission started capture tiger
