( www.truevisionnews.com ) സ്നേഹബന്ധങ്ങളാൽ കെട്ടുപിണഞ്ഞ ഒരു സാമൂഹ്യ കൂട്ടായ്മയാണ് കുടുംബം. വ്യക്തികൾക്ക് താങ്ങും തണലും നൽകുന്ന കുടുംബബന്ധങ്ങളെ ഓർമിപ്പിക്കാൻ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മെയ് 15ന് ആഗോള കുടുംബ ദിനമായി ആചരിച്ച് വരുന്നു. കുടുംബം എന്നത് പണ്ടുകാലത്ത് ഒരു സമൂഹം ആയിരുന്നുവെങ്കിൽ ഇന്ന് അത് ഒരു അണു കൂട്ടായ്മയായി മാത്രം ചുരുങ്ങിപ്പോയി.

കുടുംബങ്ങളുടെ പ്രാധാന്യം ലോകത്തെ അറിയിച്ച് കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം .1980 മുതൽ തന്നെ കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഐക്യരാഷ്ട്രസഭ ശ്രദ്ധിച്ച് വന്നിരിന്നു.
ലോകത്തെ ഭക്ഷ്യ ഉലപ്പന്നങ്ങളിൽ 80 % വും കുടുംബകൃഷിയിലൂടെയാണ് ഉൽപാദിപ്പിക്കുന്നത്, ലോകത്തെ ആയുർദൈർഘ്യം 2050 ആകുമ്പോഴേക്കും 77.2 വയസ്സ് ആകും ,ലോകത്ത് ജീവിക്കുന്നവരിൽ 12% വും 65 വയസ്സ് കഴിഞ്ഞവരാണ്, ലോകത്തെ കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് നിലവിലുള്ള കാർബൺ ബഹിർഗമനം 75 % കുറക്കുവാൻ കുടുംബങ്ങൾക്ക് സാധിക്കുന്നതാണ് ഇതൊക്കെയാണ് ഐക്യരാഷ്ട്രസഭ കുടുംബങ്ങളെ ശ്രദ്ധിക്കാനുള്ള കാരണം.
1993 ലാണ് ഐക്യരാഷ്ട്ര പൊതുസഭ മെയ് 15 ന് ലോക കുടുംബ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്, 1994 മുതൽ ലോകത്ത് കുടുംബ ദിനം സമുചിതമായി ആചരിച്ചു വരുന്നുണ്ട്. കുടുംബവും കാലാവസ്ഥ മാറ്റവും എന്ന ആശയമാണ് 2024 ൽ മുന്നോട്ട് വെച്ചത് എങ്കിൽ 2025ൽ “ഒരു ലോകം ഒരു കുടുംബം തലമുറകളിലുടനീളം ”എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്.
കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് .സ്നേഹവും സംരക്ഷണവും പിന്തുണയും നൽകുന്ന സുപ്രധാന കണ്ണിയാണ് കുടുംബം ,വ്യക്തികളുടെ മാനസികവും ,സാമൂഹികവും ,സാംസ്കാരികവുമായ വളർച്ചക്ക് കുടുംബം നിർണായക പങ്കുവഹിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ലോക കുടുംബ ദിനം ആഹ്വാനം ചെയ്യുന്നു. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തിലെ ആദ്യപാഠശാലയാണ് കുടുംബം ,സാമൂഹ്യമായ പെരുമാറ്റ രീതികൾ ,മൂല്യങ്ങൾ ,വിശ്വാസങ്ങൾ എന്നിവയെല്ലാം ആദ്യം പഠിച്ചെടുക്കുന്നത് കുടുംബത്തിൽ നിന്നാണ്.
മറ്റുള്ളവരുമായി എങ്ങനെ ഇടപഴകണം ,സ്നേഹിക്കണം ,ബഹുമാനിക്കണം എന്നിങ്ങനെയുള്ളതെല്ലാം കുടുംബത്തിൽനിന്നാണ് ആദ്യം പഠിക്കുന്നത് .കുടുംബബന്ധങ്ങളിലൂടെയാണ് മൂല്യങ്ങളും ,പാരമ്പര്യങ്ങളും കൈമാറുന്നത്. തലമുറ മാറ്റം നടക്കുന്ന ഒരു സാമ്പത്തിക യൂണിറ്റ് കൂടിയാണ് കുടുംബം. ശക്തമായ കുടുംബ ബന്ധമുള്ള ഒരു സമൂഹം കൂടുതൽ ഐക്യവും പുരോഗതിയും രാജ്യത്ത് ഉണ്ടാക്കുന്നു.
അണു കുടുംബങ്ങൾ ഉണ്ടായതോടുകൂടി കുടുംബാംഗങ്ങൾ തമ്മിൽ തുറന്നതും ,വ്യക്തവും ,ശക്തവുമായ ആശയവിനിയമം കുറഞ്ഞുവന്നു ,ചിന്തകളും ,വിജാരങ്ങളും കൃത്യമായി കുടുംബാംഗങ്ങൾ തമ്മിൽ കൈമാറുന്നതിനുള്ള ഇടങ്ങളുടെ കുറവും സമയമില്ലായ്മയും സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു വരവും ആധുനികതയോടുള്ള ഭ്രമവും തലമുറ വ്യത്യാസവും വലിയ രീതിയിൽ കുടുംബ ബന്ധങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും ഇഷ്ടാനുസരണങ്ങളിലും വലിയ വ്യത്യാസം വരാൻ തുടങ്ങിയതോടുകൂടി പുതുതലമുറകളുടെ ഇഷ്ടങ്ങളും ശീലങ്ങളും പഴയ തലമുറകൾക്ക് അന്യമാകുകയും കുടുംബ ബന്ധങ്ങളിൽ ഇത് വലിയ രീതിയിലുള്ള ആഭ്യന്തര സ്ഫോടനങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
വിവാഹമോചനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പവിത്രമായ കുടുംബ ബന്ധങ്ങളിൽ ഉടലെടുക്കാൻ തുടങ്ങി, കേരളത്തിൽ പോലും പ്രതിദിനം 80ലധികം വിവാഹമോചന പരാതികൾ ഉണ്ടാകുന്നു എന്നത് കുടുംബബന്ധങ്ങളിലെ ശൈഥ്യല്യത്തെ ഓർമ്മപ്പെടുത്തുന്നു.
ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങളായ ദാരിദ്ര്യം, അസമത്വം, ലിംഗ വിവേചനം, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യ ,പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ പ്രശ്നങ്ങൾ ,യുദ്ധങ്ങൾ സംഘർഷങ്ങൾ എല്ലാം തന്നെ കുടുംബങ്ങളെയാണ് ആദ്യം ബാധിക്കുക. നഗരവൽക്കരണം ,സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം ,ഓൺലൈൻ ബന്ധങ്ങൾ ,ജീവിതശൈലി മാറ്റങ്ങൾ ,ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അസംതുലിതാവസ്ഥ എന്നിവ കുടുംബബന്ധങ്ങളെ സാരമായി ഉലച്ചിട്ടുണ്ട്.
ആഗോളവൽക്കരണത്തിന്റെ ഉപ ഉത്പന്നമായ ഉപഭോഗ സംസ്കാരം കുടുംബങ്ങളിൽ സാമ്പത്തിക സമ്മർദ്ദങ്ങൾ ഉണ്ടാക്കി, മൂല്യങ്ങളിലും കാഴ്ചപ്പാടിലുള്ള മാറ്റം കുടുംബങ്ങളിൽ വില്ലനായിമാറി. വ്യക്തിഗത സ്വാതന്ത്ര്യത്തിനും സ്വയം നിർണ്ണയത്തിനുമുള്ള പ്രാധാന്യം പുതിയ സാമൂഹിക സാഹചര്യങ്ങളെ മാറ്റിമറിച്ചു. ഏകാന്തതയും ഒറ്റപ്പെടലുകളും ഉണ്ടാകുമ്പോൾ കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കാതെ മാനസിക സമ്മർദ്ദങ്ങളി ലാകുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവരുന്നു.
കൂട്ടുകുടുംബം ഉണ്ടായപ്പോൾ മുതിർന്നവരുടെ സാമീപ്യം കുടുംബങ്ങളെ സമ്പന്നമാക്കിയിരുന്നുവെങ്കിൽ ഇന്ന് മുതിർന്നവരുടെ പ്രായോഗികമായ നിർദ്ദേശങ്ങളുടെ അഭാവം കുടുംബ ബന്ധങ്ങളെ ജീവനില്ലാത്തതാകുന്നു. പരസ്പര ബന്ധമില്ലാത്ത ജീവിതം നയിക്കുന്നവരുടെ ഒരു കൂടാരമായി കുടുംബങ്ങൾ ചിലയിടങ്ങളിൽ മാറുകയും, വിഷലിപ്തമായ പെരുമാറ്റവും, അമിതമായ നിയന്ത്രണവും ,തുല്യ പരിഗണന ലഭിക്കാത്തതും അധിക വരുമാനം ഇല്ലാത്ത പ്രശ്നങ്ങളുമൊക്കെ കുടുംബങ്ങളുടെ ജൈവിക വളർച്ച്‌ക്ക് വിഖാതമായി നില്കുന്നു.
ഈ വർഷം നവംബർ 4 മുതൽ 6 വരെ ദോഹയിൽ വച്ച് നടക്കുന്ന രണ്ടാം ലോക സാമൂഹിക ഉച്ചകോടിയിൽ കുടുംബങ്ങളുടെ സംരക്ഷണത്തിനും സ്വാസ്ഥ്യംത്തിനും, കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.1995ൽ കോപ്പൻ ഹെഗനിൽ വച്ച് നടന്ന ആദ്യത്തെ ലോക സാമൂഹിക ഉച്ചകോടി പ്രഖ്യാപിച്ച കർമ്മപരിപാടികൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ പോരായ്മകൾ പരിഹരിക്കുവാനും 2030 ൽ ലോകം നേടാൻ നിശ്ചയിച്ച സുസ്ഥിര വികസന അജണ്ടകൾ പൂർണമായും നേടുന്നതിന് സാമൂഹ്യവ്യവസ്ഥയിലെ പ്രധാന കണ്ണിയായ കുടുംബങ്ങളിൽ എല്ലാത്തരത്തിലുമുള്ള പുരോഗതി ഉണ്ടാക്കേണ്ടത് ആയിട്ടുണ്ട്.
ജോലിയും കുടുംബ ഉത്തരവാദിത്വവും വലിയ സാമൂഹിക പ്രശ്നമായി വളർന്നുവന്നിരിക്കുന്ന ഘട്ടത്തിലാണ് ലോക കുടുംബദിനം ആചരിക്കുന്നത്. കുടുംബത്തിലെ ഭാര്യയും ഭർത്താവും തൊഴിലെടുക്കുന്ന ഒരു സംസ്കാരം ഉടലെടുത്തോത്തോടെ രണ്ടുപേരും ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളുടെ വളർച്ച, വികാസം ,പരിചരണം എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങൾ കുടുംബ ബന്ധങ്ങളിൽ ഒഴിയാ ബാധ പോലെ തുടരുന്നു.
കുടുംബബന്ധങ്ങളിൽ കാലികമായി സജീവമായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടലുകൾ നടത്തി സാമ്പത്തിക സുരക്ഷിതത്വവും ,സാമൂഹിക പിന്തുണയും കുടുംബങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ ആഗോളതലത്തിൽ മനുഷ്യരാശി നേരിടാൻ പോകുന്ന വലിയ വിപത്തായി കുടുംബം ബന്ധങ്ങളിലെ പ്രശ്നങ്ങൾ മാറും എന്ന കാര്യം ഉറപ്പാണ്. പരസ്പരം അംഗീകരിക്കുകയും, പരിഗണന നൽകി പരിചരിക്കുകയും പങ്ക് വെക്കൽ ഉണ്ടാക്കുയും ചെയ്താൽ കുടുംബ ബന്ധങ്ങളിൽ സ്വർഗം സൃഷ്ടിക്കുവാൻ സാധിക്കുന്നതാണ്.

Article by ടി ഷാഹുൽ ഹമീദ്
*
May fifteen Family Day your family tent unrelated people
