ഫരീദാബാദ്: (truevisionnews.com) ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞു കൊന്നു. കുട്ടി 'ജിന്നാ'ണെന്നും കുടുംബത്തിന് മുഴുവൻ ദോഷകരമാവുമെന്നും വിശ്വസിപ്പിച്ചാണ് ദുർമന്ത്രവാദിനി ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. വീടിനു സമീപമുള്ള ആഗ്ര കനാലിലേക്ക് ഇവർ കുട്ടിയെ എറിയുന്നതു കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്. ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയെ തുടർന്ന് ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൂത്ത പെൺകുട്ടിക്ക് 14 വയസായി. തന്റെ ഭാര്യയ്ക്ക് ദുർമന്ത്രവാദിനിയായ മിത ഭാട്ടിയയുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു.
മകൻ ജനിച്ചതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായി. മകൻ 'വെള്ളക്കാരൻ ജിന്നി'ന്റെ പിടിയിലാണെന്നും കുട്ടി കുടുംബത്തെ നാമാവശേഷമാക്കുമെന്നും ഇവർ മേഘയെ വിശ്വസിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു.
Mother throws two year old son canal thinking he jinn on advice from witch
