( www.truevisionnews.com ) 2019 ഫെബ്രുവരി 12, പൊള്ളാച്ചിയിലെ 19 കാരിയായ കോളജ് വിദ്യാര്‍ഥിക്ക് പരിചയക്കാരനായ ശബരിരാജന്‍റെ ഫോണ്‍ വരുന്നു. ഒറ്റയ്ക്ക് പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്നും പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്ക് എത്തണമെന്നുമാണ് ശബരിരാജന്‍ ആവശ്യപ്പെടുന്നത്.

ഉച്ചയോടെ ബസ് സ്റ്റോപ്പിലെത്തിയ കോളജ് വിദ്യാര്‍ഥി കണ്ടത് കാറുമായെത്തിയ ശബരിരാജനെ. ഒപ്പം സുഹൃത്ത് തിരുനാവുക്കരശുവും. യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് ഇരുവരും 19 കാരിയെ കാറില്‍ കയറ്റി. തിരുനാവുക്കരശു കാറോടിച്ചപ്പോള്‍ പിന്‍സീറ്റില്‍ വിദ്യാര്‍ഥിയും ശബരിരാജനും.
പെട്ടന്ന് സതീശും വസന്ത് കുമാറും കാറിലേക്ക് കയറി. നാലുപേരും ചേര്‍ന്ന് ബലമായി 19കാരിയുടെ വസ്ത്രം അഴിച്ചുമാറ്റി, ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ ചിത്രീകരിച്ചു. യുവതിയുടെ കഴുത്തിയ സ്വര്‍ണമാലയും സംഘം കവര്‍ന്നു. പിന്നീട് സംഘം നടുറോഡില്‍ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഈ സംഭവത്തിന് പിന്നാലെ, 19 കാരി പൊലീസിലേക്ക് എത്തിയതിന് ശേഷമാണ്, പൊള്ളാച്ചി കൂട്ടബലാല്‍സംഗക്കേസ് പുറംലോകമറിയുന്നത്. ഇന്ന് കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് വധശിക്ഷയാണ് കോയമ്പത്തൂര്‍ ജില്ലാ വനിതാ കോടതി വിധിച്ചത്. എട്ട് ഇരകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടര്‍ന്നതോടെ യുവതി കുടുംബത്തോട് വിവരം പറഞ്ഞു.
യുവതിയുടെ സഹോദരനും സുഹൃത്തുക്കളും തിരുനാവുക്കരസുവിനെയും ശബരിരാജനെയും മര്‍ദ്ദിച്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. മറ്റ് മൂന്ന് സ്ത്രീകളുടെ വീഡിയോകള്‍ അടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസിൽ ഒമ്പത് പേരെ പ്രതികളാക്കിയാണ് പൊള്ളാച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എൻ. ശബരിരാജൻ എന്ന റിശ്വന്ത്, കെ. തിരുനാവുക്കരശു, എം. സതീഷ്, ടി. വസന്തകുമാർ, ആർ. മണി എന്ന മണിവണ്ണൻ, പി. ബാബു, ടി. ഹരോണിമസ് പോൾ, കെ. അരുളാനന്ദം, എം. അരുൺകുമാർ എന്നിവരാണ് കേസിലെ ഒമ്പത് പ്രതികൾ. എ.ഐ.എ.ഡി.എം.കെ. പൊള്ളാച്ചി യുവജന വിഭാഗം ടൗൺ സെക്രട്ടറിയായിരുന്നു കെ. അരുൾനാഥം. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പൊള്ളാച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കേസ് സിബിഐ കൈമാറുകയായിരുന്നു. കേസില്‍ 50-200 പേരാണ് ഇരകളെന്നാണ് മാധ്യമ റിപ്പോര്‍ട്ടെങ്കിലും സിബിഐ 12 സ്ത്രീകളെയാണ് തിരിച്ചറിഞ്ഞത്. അവരെ കേസിന്റെ ഭാഗമാക്കാൻ സിബിഐ ശ്രമിച്ചെങ്കിലും പരാതിക്കാരിയായ യുവതി ഉൾപ്പെടെ എട്ടു പേർ മാത്രമാണ് കോടതിയിലെത്തിയത്.
pollachi sexual assault case
