തിരുവനന്തപുരം: ( www.truevisionnews.com) പാലോട് രവിക്കെതിരെ വിമർശനവുമായി കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തും യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലും. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇരുവരുടെയും പ്രതികരണം. 'എടുക്കാച്ചരക്ക്'… ഒരു കണ്ണാടിയിൽ നോക്കി പറയുന്നതാകും നല്ലത് ചേട്ടാ എന്നായിരുന്നു കെ എം അഭിജിത് ഫേസ്ബുക്കിൽ കുറിച്ചത്. പാർട്ടിയാണ് വലുത് പാലോട് അല്ല. പ്രവർത്തകരെ മാനിച്ച് പുറത്തിടണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ജഷീർ പള്ളിവയൽ പ്രതികരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി പറയുന്ന ടെലഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്.
.gif)

'പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും' എന്നും പാലോട് രവി പറഞ്ഞിരുന്നു.
മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ചുപേർ മാർക്‌സിസ്റ്റ് പാർട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നുമായിരുന്നു പ്രാദേശിക പ്രവർത്തകനോട് പാലോട് രവി പ്രതികരിച്ചിരുന്നു.
നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാർത്ഥമായി ഒറ്റൊരാൾക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പൊരുങ്ങൾ പാർട്ടി സജീവമാക്കിയിരിക്കെയാണ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത് വന്നത്.
'LDF will come to power again', DCC President's Palode Ravi's audio released
