മലപ്പുറം: ( www.truevisionnews.com ) 'കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കൊണ്ട് പോയത് കാക്ക. കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുള്ള നമ്മൾ പക്ഷേ, കാക്ക ആഭരണവുമായി കടന്നതിനെക്കുറിച്ചും പിന്നീടത് തിരികെ ലഭിച്ചതിനെക്കുറിച്ചും അധികമൊന്നും കേട്ടിരിക്കില്ല. അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള തിരികെ ലഭിച്ചത്.
.gif)

മൂന്ന് വർഷം മുമ്പ് തുണിയലക്കുന്നതിനിടെ രുഗ്മിണി സ്വർണം അലക്കുകല്ലിൽ ഊരിവെച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് മുകളിൽ ഒരു തോർത്ത് മുണ്ടുമിട്ടിരുന്നു. അടുത്തുള്ള മരത്തിലുണ്ടായിരുന്ന കാക്ക തോർത്ത് മുണ്ട് മാറ്റി വളയുമായി പറക്കുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശവാസികൾ പരിസരമാകെ തിരഞ്ഞിട്ടും നിരാശയായിരുന്നു ഫലം. സ്വർണം നഷ്ടമായെന്ന് കരുതി പ്രതീക്ഷ കൈവിട്ടു.
ഒടുവിൽ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. സുരേഷിന്റെ വീടിന് അടുത്തുള്ള മാവിൽ മാങ്ങ പറിക്കാൻ കയറിയ ചെറുപള്ളി സ്വദേശിയും തെങ്ങുകയറ്റക്കാരനുമായ അൻവർ സാദത്തിനാണ് ഒന്നരപവനോളം തൂക്കം വരുന്ന മുറിഞ്ഞുകിടക്കുന്ന വളക്കഷ്‌ണങ്ങൾ ലഭിച്ചത്. മാങ്ങ പറിക്കുന്നതിനിടെ നിലത്തേക്ക് വീണ കാക്കക്കൂട്ടിനുള്ളിലായിരുന്നു വള. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ തൃക്കലങ്ങോട് പൊതുജന വായനശാലയിലെത്തി അറിയിച്ചു.
വായനശാലയുടെ നേതൃത്വത്തിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തി. രുഗ്മിണിയുടെ ഭർത്താവ് സുരേഷ് കഴിഞ്ഞദിവസം വായനശാലയിലെത്തിയപ്പോഴാണ് നോട്ടീസ് ശ്രദ്ധയിൽപ്പെട്ടത്. തൂക്കവും സ്വർണം വാങ്ങിയ ബില്ലും എത്തിച്ചതോടെ വായനശാല ഭാരവാഹികളെ സാക്ഷി നിർത്തി അൻവർ സ്വർണം കൈമാറി. ഗ്രന്ഥാലയം വൈസ് പ്രസിഡന്‍റ് ശങ്കരൻ എമ്പ്രാന്തിരി, സെക്രട്ടറി ഇ.വി. ബാബുരാജ്, ജോയന്‍റ് സെക്രട്ടറി വി. വിജയലക്ഷ്മി, ഷാജി പടിഞ്ഞാറെ കൊല്ലേരി, കുഞ്ഞി മുഹമ്മദ് പൂളക്കുന്നൻ, രാമചന്ദ്രൻ തമ്പാപ്ര എന്നിവർ സംബന്ധിച്ചു.
the golden bracelet that rukmini had taken off while washing clothes three years ago was recovered from a crows nest
