തലശ്ശേരി: ( www.truevisionnews.com ) നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തികൾ വകവെക്കാതെ ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ രംഗത്തിറങ്ങിയത് കൗതുക കാഴ്ചയായി. ഈ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബിനുമോഹൻ മണിക്കൂറുകളോളമാണ് എരഞ്ഞോളി പാലത്തിൽ നിന്നാരംഭിച്ച വാഹനക്കുരുക്കിൽ കുടുങ്ങിയത്. ഒടുവിൽ ടൗൺഹാൾ ജംഗ്ഷനിലെത്തിയപ്പോൾ വാഹനങ്ങൾ തിക്കിത്തിരക്കി. നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്തവിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.
.gif)

ശാസിച്ചും ഉപദേശിച്ചും കൈ മെയ് മറന്ന് ഓടി നടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി. ഏകദേശം അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് മടങ്ങിയത്. ദിവസവും വൈകീട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ് തലശ്ശേരി മുതൽ എരഞ്ഞോളിപ്പാലം വരെ അനുഭവപ്പെടുന്നത്.
ടൗൺഹാൾ ജംഗ്ഷനിൽ പോലീസുകാരെ നിയോഗിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. എന്നാൽ ട്രാഫിക് പോലീസ് സ്റ്റേഷനും പോലീസുകാരുമുണ്ടായിട്ടും ഗതാഗതക്കുരുക്കുള്ളപ്പോൾ ഇവരെ കാണാനില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് പരാതി.
new mahi pi solves traffic jam applauded on social media
