കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവും മരണ കാരണം. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.
.gif)

കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും വിമര്‍ശനം ശക്തമാകവെയാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വിവിധ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
അതേസമയം, ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. രാവിലെ മുതല്‍ നിരവധിയാളുകളാണ് ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ച മൃതദേഹം കണ്ട് നാടൊന്നാകെ വിങ്ങി പൊട്ടി. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു.
ചലനമറ്റ് തണുത്ത് മരവിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം നോക്കി ഫ്രീസറിന്റെ ചില്ല് മൂടി കെട്ടിപ്പിടിച്ചുള്ള മക്കളുംഅമ്മയും പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ ഹൃദയം വേദനയാൽ പിളർന്നു. ഉറ്റവരും ഉടയവരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
അമ്മയുടെ വിയോഗത്തലിന്റെ ഞെട്ടലിൽ വിറങ്ങലിച്ചിരുന്ന മകൾ നവമിയേയും അലമുറയിട്ടുകരഞ്ഞ മകൻ നവനീതിനെയും ആശ്വസിപ്പിക്കാനാകാതെ പലർക്കും നിസഹായരാകേണ്ടിവന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.
മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ് പ്രതികരിച്ചു.
കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല.
അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം. അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.
Cause of death Head injury and internal bleeding Kottayam Medical College accident Bindu's postmortem report released
