കോഴിക്കോട്: (truevisionnews.com) കഴിഞ്ഞ ദിവസം ഉണ്ടായ കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാൻഡിലെ തീപിടിത്തം ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരുന്നു. പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിലെ വസ്തുക്കളിൽ നിന്ന് ഇപ്പോഴും പുക ഉയരുയാണ്. ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായി കത്തി നശിച്ചു.

10 മണിക്കൂറിന് ശേഷമാണ് തീയണച്ചത്. തീപടർന്നത് എവിടെ നിന്ന് എന്നതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നതും പ്രധാനമാണ്. അശാസ്ത്രീയ നിർമാണം തീയണക്കുന്നതിന് തടസമായി. മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സിന് രണ്ടാം നിലയിൽ എത്താനായത്. 50 കോടിക്കടുത്ത് നാശമുണ്ടായെന്ന് പ്രാഥമിക നിഗമനം.
പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവർത്തിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു.
സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതിൽ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങൾ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടർന്നു. നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി. അതേസമയം, തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.
Fire breaks out Kozhikode new stand Smoke rising building again fire force inspects
