കോഴിക്കോട്:(truevisionnews.com) അതീവ ഗുരുതര സാഹചര്യത്തിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ പടരുമ്പോൾ തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി തകര ഷീറ്റുകളും പ്ലാസ്റ്റിക് ബോർഡുകളും. കെട്ടിടത്തിൻറെ ചുറ്റും പേരെഴുതി സ്ഥാപിച്ച പരസ്യബോർഡുകൾ ഉള്ളതിനാൽ വെള്ളം അകത്തേക്ക് എത്തുന്നില്ല. തീ അണയ്ക്കുന്നതിൽ അഗ്നിശമന സേനയ്ക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് ഈ അശാസ്ത്രീയ നിർമിതികളാണ്.

ഇത്തരം നിർമിതികൾ പാടില്ലെന്ന് നിർദ്ദേശമുള്ളപ്പോഴാണ് ഇതിനെ മറികടന്നുള്ള സംവിധാനങ്ങളുള്ളത്. കെട്ടിടത്തോട് ചേർന്നുള്ള ഫ്ളെക്സ് ബോർഡുകളും തീ പടരുന്നതിനുള്ള സാധ്യത കൂട്ടുന്നു. തീ അണയ്ക്കാനായി തീവ്രമായ ശ്രമമാണ് നടക്കുന്നത്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞ് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിലേക്ക് കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
അതിനിടെ, പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചു. സ്റ്റാൻഡിനകത്ത് ഉണ്ടായിരുന്ന ആളുകളേയും ഒഴിപ്പിച്ചിട്ടുണ്ട്. എന്നാൽ, സ്റ്റാൻഡിന് പുറത്ത് ഇപ്പോഴും വലിയ ആൾക്കൂട്ടമുണ്ട്. ഇവരെ കയർകൊണ്ട് സുരക്ഷാ വേലി കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്. വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.
kozhikode bus stand fire
