സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍

സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍
May 18, 2025 07:38 PM | By Jain Rosviya

(truevisionnews.com) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ചന്തമുക്ക് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

വന്‍നഗരങ്ങളില്‍ മാത്രം നടന്നു വരുന്ന ചലച്ചിത്രമേളയ്ക്കാണ് കൊട്ടാരക്കര വേദിയാകുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ലോകത്തെ പ്രധാന ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വനിതാ സംവിധായകരുടെ 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫെസ്റ്റിവല്‍ ബ്രോഷര്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും നിര്‍മ്മാതാവ് അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര ഏറ്റുവാങ്ങി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കൗണ്‍സിലര്‍ അനിത ഗോപകുമാര്‍, കില പ്രതിനിധികളായ ശ്രീജ, ലാലി, മുന്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, കാപെക്സ് ഡയറക്ടര്‍ സി. മുകേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി കെ ജോണ്‍സണ്‍, കില ഡയറക്ടര്‍ വി സുദേശന്‍ , സംഘാടക സമിതി കണ്‍വീനര്‍ സി അജോയ് തുടങ്ങിയവര്‍ സന്നിഹിതരായി.

മന്ത്രി കെ. എന്‍ ബാലഗോപാല്‍ ആവിഷ്‌കരിച്ച സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

1000 പേര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം അനുവദിക്കുക. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം സംഘാടക സമിതി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' ഉദ്ഘാടനചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചെതെല്ലാം) പ്രദര്‍ശിപ്പിക്കും. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ഈ ചിത്രം പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ വൈകാരികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങള്‍ വേഷമിടുന്നു. മെയ് 23 ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം മിനര്‍വ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

കഴിഞ്ഞ ഡിസംബറില്‍ നടന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1994ലെ 'സ്വം' എന്ന ചിത്രത്തിനുശേഷം കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്. ഷിക്കാഗോ, സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളകളിലും ഈ സിനിമ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

പ്രഭ, അനു എന്നീ നഴ്സുമാര്‍ മുംബൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹിതയായ പ്രഭ ജര്‍മ്മനിയിലുള്ള ഭര്‍ത്താവിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് കഴിയുകയാണ്. ഷിയാസ് എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലാണ് അനു. ആശുപത്രിയിലെ പാചകക്കാരിയായ പാര്‍വതി തന്റെ പാര്‍പ്പിടം ഇടിച്ചുതകര്‍ക്കാനൊരുങ്ങുന്ന നിര്‍മ്മാണക്കമ്പനിക്കെതിരെ പൊരുതുകയാണ്. ഈ മൂന്നു സ്ത്രീകള്‍ പരസ്പരം താങ്ങും തണലുമായി നിന്ന് ജീവിതത്തെ നേരിടുന്നതിന്റെ ഹൃദയസ്പര്‍ശിയായ കഥയാണിത്. 115 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം; ക്ഷീരമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കും -മന്ത്രി ജെ. ചിഞ്ചുറാണി

പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീരമേഖലയിലും വാതില്‍പടിക്കലേക്കുള്ള സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് തുടരുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘പാല്‍ ഉല്‍പാദനത്തിന് നൂതന സാങ്കേതികവിദ്യകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലിസംരക്ഷണവുമായി ബന്ധപ്പെട്ട അറിയിപ്പുകളും സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നരീതി കൂടുതല്‍ വികസിപ്പിക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ മേഖലയില്‍ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ ക്ലാസ്സെടുത്തു. എല്‍ എം ടി സി കൊട്ടിയം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. ജി പ്രദീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.എല്‍ അജിത്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നാരായണന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി ബേബി, ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ .എസ് പ്രമോദ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. അനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.

അരലിറ്റര്‍ വെള്ളവുമായി വരൂ, സൗജന്യമായി ഗുണനിലവാരമറിയാം

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സൗജന്യ ജലപരിശോധനയുമായി വാട്ടര്‍ അതോറിറ്റി. ശുദ്ധ ജലത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും സൗജന്യ ഗുണനിലവാര പരിശോധനയുമാണ് ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

ജലത്തിന്റെ ഭൗതിക-രാസ ഗുണനിലവാരമാണ് പരിശോധിക്കാവുന്നത്. അര ലിറ്റര്‍ വെള്ളവുമായി മേളയിലെത്തുന്ന ആര്‍ക്കും 15 മിനിറ്റിനുള്ളില്‍ പരിശോധിക്കാം. 850 രൂപ ചെലവ് വരുന്ന പരിശോധനയാണ് സൗജന്യമാക്കിയിട്ടുള്ളത്. വിദഗ്ധ രാസപരിശോധന ആവശ്യമായ ജലസാമ്പിളുകള്‍ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്.

വിദഗ്ധ പരിശോധനയുടെ ചെലവ് വഹിക്കണമെന്ന് മാത്രം. കിണറുകളുടെ പരിപാലനം, ജലത്തിന്റെ ഗുണനിലവാരവ്യതിയാനത്തിലൂടെയുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധരൂപത്തിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭിക്കും. ജലശുദ്ധീകരണ പ്രക്രിയയുടെ മിനിയേച്ചര്‍ രൂപം ആകര്‍ഷണീയവുമാണ്.

പഠനോപകരണങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ്

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വമ്പിച്ച വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് സ്റ്റോള്‍. സ്‌കൂള്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ സാധനങ്ങളും ഒരുക്കിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ഫെഡ് സാന്നിധ്യമായത്.

നോട്ടുപുസ്തകങ്ങള്‍, പേനകള്‍, പെന്‍സിലുകള്‍, കളര്‍പേനകള്‍, വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ എല്ലാ പഠനോപകരണങ്ങളും ഇവിടെ വിലക്കുറവില്‍ ലഭിക്കും. നോട്ട് ബുക്കുകള്‍ അഞ്ചെണ്ണം അടങ്ങിയ കെട്ടുകളായി 50 ശതമാനത്തോളം വിലക്കുറവാണ്. ബ്രാന്‍ഡഡ് ബാഗുകള്‍ക്കും കുടകള്‍ക്കും പ്രത്യേക ഓഫറുകളുണ്ട്. ത്രിവേണിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ലഭിക്കും.

അളവും തൂക്കവും അറിയാം, തട്ടിപ്പിന് തടയിടാം

അളവിലും തൂക്കത്തിലും തട്ടിപ്പുകാരുടെ മായവും മന്ത്രവും ഇനി നടപ്പില്ല. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ സാധനങ്ങളുടെ അളവുതൂക്കം സംബന്ധിച്ച സന്ദര്‍ശകരുടെ എല്ലാ സംശയങ്ങളും മാറ്റാം. പെട്രോള്‍ പമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന മാതൃകയും ഒരുക്കിയിട്ടുണ്ട്.

പണ്ടുകാലത്ത് അളവുതൂക്കം നിര്‍ണയിക്കുന്നതിന് ഉപയോഗിച്ച പറ, നാഴി, തോല, പൗണ്ട് തുടങ്ങിയ ഉപകരണങ്ങളും കാണാം. നൂതന ഉപകരണമായ ഇലക്ട്രോണിക് ത്രാസ്സ്, ഫീല്‍ഡ് ടെസ്റ്റ് മെഷര്‍, ഓട്ടോ ഫെയര്‍ മീറ്റര്‍, ബേബി വെയിങ് മെഷീനും കാണാം. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യമായി ഭാരം, ഉയരം എന്നിവ പരിശോധിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തൂക്കം കൃത്യമായി പ്രവചിച്ച് സമ്മാനം നേടാനുള്ള അവസരവുമുണ്ട്.

കലാപരിപാടികളുമായി കുട്ടിപ്പട്ടാളം എന്റെ കേരളം വേദിയില്‍

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഹരമായി. പാട്ട്, നാടോടിനൃത്തം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ലഹരിമുക്ത വിദ്യാലയം നാടകം, മിമിക്രി എന്നിവ അരങ്ങേറി. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി ഇന്റര്‍ ആക്ടീവ് സെഷനും നടത്തി. വിവിധ സബ്ജില്ലകളില്‍ നിന്നായി 12 പേരാണ് കലാപ്രകടനം നടത്തിയത്.

കൗതുകമായി ഹാം റേഡിയോയും

എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകമാവുകയാണ് ഹാം റേഡിയോ സ്റ്റോള്‍. വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദത്തിന് ഉപയോഗിക്കുന്ന ഹാം റേഡിയോ മലയാളികള്‍ക്ക് പരിചിതമാകുന്നത് കോവിഡ്, പ്രളയം, സുനാമി തുടങ്ങിയ സമയങ്ങളിലെ അടിയന്തര വാര്‍ത്താവിനിമയ മാധ്യമമായാണ്.

ആക്റ്റീവ് അമെച്വര്‍ ഹാം റേഡിയോ സൊസൈറ്റി ഒരുക്കിയ സ്റ്റോളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹാം റേഡിയോയെകുറിച്ച് കൂടുതല്‍ അറിയാനും വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ അടുത്തറിയാനുമുള്ള അവസരവുമുണ്ട്. ഹാം റേഡിയോ സെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയുമുള്ള ആരുമായും ബന്ധപ്പെടാനാകും.

12 വയസ്സ് കഴിഞ്ഞ ആര്‍ക്കും ഓപ്പറേറ്ററാകാം. സംസ്ഥാന സര്‍ക്കാര്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരെ സിവില്‍ ഡിഫന്‍സ് സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനാണ് രാജ്യ വ്യാപകമായി ഹോം റേഡിയോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹാം റേഡിയോ മേഖലയിലെ പരിശീലനം, ലൈസന്‍സ് ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഇവിടെയെത്തിയാല്‍മതി.

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷം; വ്യത്യസ്ത സംവിധാനങ്ങള്‍, തൊഴിലവസരങ്ങളും

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആശ്രാമത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേറിട്ട സംവിധാനങ്ങള്‍ ഒരുക്കുകവഴി തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനായെന്ന് വിലയിരുത്തല്‍.

മേളയുടെ ആകെ നിര്‍മാണനിര്‍വഹണം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്റെ ഡയറക്ടര്‍ ബി. സുനില്‍കുമാറാണ് പ്രദര്‍ശനനഗരി സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തിയത്. ഐ.ഐ.ഐ. സിയില്‍ നിന്ന് പഠിച്ചിറങ്ങിയ തലമുറകളുടെ വൈദഗ്ധ്യമാണ് നിര്‍മാണത്തിന് വിനിയോഗിച്ചത്.

ഇത്തരം സാധ്യതകളും പുതിയകാലം ആവശ്യപ്പെടുന്ന തൊഴില്‍മേഖലകളും മുന്‍നിര്‍ത്തിയാണ് പാഠ്യപദ്ധതിയും. കൂടുതല്‍ മേഖലകളിലേക്ക് സ്ഥാപനം കടക്കുകയാണെന്നും ആശ്രാമം മൈതാനത്ത് തുടരുന്ന മേള വിജയമാക്കിയതില്‍ സ്ഥാപനത്തില്‍ നിന്നുള്ളവരുടെ പങ്ക് വളരെ വലുതാണെന്നും പറഞ്ഞു.

എന്റെ കേരളം: അഖിലകേരള ക്വിസ് മത്സരം തിങ്കളാഴ്ച

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആറാം ദിനമായ മെയ് 19ന് രാവിലെ 10ന് പ്രധാന വേദിയില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന അഖിലകേരള ക്വിസ് മത്സരം നടക്കും.

ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ സമ്മാനദാനം നിര്‍വഹിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1500 വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയിക്കുന്ന സ്‌കൂളുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. ഉച്ചയ്ക്ക് ഒന്നിന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

സായാഹ്നം ഹാപ്പിയാക്കാന്‍ ‘ഹാപ്പി ഈവനിങ്' മെഗാ ഷോ

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മെയ് 19ന് വൈകിട്ട് 6.30 ന് മെഗാ ഷോ- 'ഹാപ്പി ഈവനിങ്' അരങ്ങേറും. പ്രവേശനം സൗജന്യം.

വെള്ളിത്തിര ഇളക്കിമറിച്ച ക്ലാസിക് ഹിറ്റുകളുമായി എന്റെ കേരളം ഫിലിം ഫെസ്റ്റിവല്‍

ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്ക്, ഹിറ്റ് സിനിമകളുടെ പ്രദര്‍ശനം ഒരുക്കി എന്റെ കേരളം പ്രദര്‍ശന വിപണമേള. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘കൊട്ടകകളെ’ ഇളക്കിമറിച്ച ജനപ്രിയ സിനിമകള്‍ മുതല്‍ ലോകസിനിമക്ക് മലയാളം സമ്മാനിച്ച ക്ലാസിക് ചിത്രങ്ങള്‍ വരെയുള്ള വൈവിധ്യമാണ് എന്റെ കേരളത്തിലെ മിനി തീയറ്ററില്‍.

ചെമ്മീന്‍, വൈശാലി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചെറിയച്ചാന്റെ ക്രൂരകൃത്യങ്ങള്‍ പോലുള്ള മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകള്‍ മുതല്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് വരെയുള്ള സിനിമകളുമുണ്ട് പ്രദര്‍ശനപ്പട്ടികയില്‍.

സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനാണ് മിനി തിയറ്റര്‍ ഒരുക്കിയത്. 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എല്‍ഇഡി സ്‌ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിര്‍മ്മിച്ച താല്‍ക്കാലിക മിനി തിയറ്ററില്‍ ഒരേ സമയം 70 പേര്‍ക്ക് സിനിമ കാണാം. ദിവസവും അഞ്ചു സിനിമകള്‍ വീതമാണ് പ്രദര്‍ശനം. 22 സിനിമകള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു.


Organizing committee office opened Kottarakkara Women Film Festival Minister balagopal

Next TV

Related Stories
ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

May 17, 2025 08:53 AM

ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക...

Read More >>
കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

May 15, 2025 06:16 AM

കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

കാണാതായ പത്താംക്ലാസുകാരനെ...

Read More >>
Top Stories