പാലക്കാട്: (truevisionnews.com) മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി. പാലക്കാട് പൂളക്കാട് സ്വദേശി ജാബിർ നസീബ്-റജീന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഹാൽ (21), മുഹമ്മദ് ആഹിൽ (16) എന്നിവരാണ് മരിച്ചത്. പനങ്ങാട് സ്ട്രീറ്റിലെ സലഫി മസ്ജിദിലും കൊടുന്തിരപ്പുള്ളിയിലും പൊതുദർശനശേഷം കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരും മലമ്പുഴ ഡാം കാണാൻ പോയത്. തുടർന്ന് കുളിക്കാനായി ഡാമിലിറങ്ങിയതോടെ ചളി നിറഞ്ഞ റിസർവോയർ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. രണ്ടു പേർക്കും നീന്തലറിയില്ലായിരുന്നു. രക്ഷിതാക്കൾ ഒരു വിവാഹത്തിനു പോയ സമയത്താണ് നിഹാലും ആഹിലും ബസിൽ മലമ്പുഴയിലേക്ക് പോയത്. വൈകീട്ട് അഞ്ചിന് മാതാവിനെ വിളിച്ചിരുന്നു.
തുടർന്ന് തിരിച്ചുവിളിച്ചപ്പോഴൊന്നും ഫോൺ എടുക്കാതായപ്പോഴാണ് ലൊക്കേഷൻ നോക്കി പൊലീസ് മലമ്പുഴയിലെത്തിയത്.തെക്കേ മലമ്പുഴ ഡാമിന്റെ പരിസരത്ത് വസ്ത്രങ്ങളും ചെരിപ്പും കണ്ടതോടെയാണ് വെള്ളത്തിൽ തിരഞ്ഞത്. വ്യാഴാഴ്ച പുലർച്ചയോടെ ആദ്യം മുഹമ്മദ് ആഹിലിന്റെ മൃതദേഹവും ഏഴോടെ നിഹാലിന്റെ മൃതദേഹവും കണ്ടെടുത്തു.സഹോദരൻ: മുഹമ്മദ് ഷാസിൽ. മുഹമ്മദ് നിഹാൽ കോയമ്പത്തൂരിൽ ബിരുദ വിദ്യാർഥിയാണ്. മുഹമ്മദ് ആഹിൽ പാലക്കാട് ബിഗ് ബസാർ സ്കൂളിൽനിന്ന് ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ചു.
bodies brothers who drowned bathing Malampuzha Dam were buried.
