കൊല്ലം:(truevisionnews.com) പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ സ്വകാര്യ കമ്പനിയായ സി.എം.ആർ.എൽ കമ്പനിയുടെ പ്രത്യേക നിർദേശ പ്രകാരം ചവറ ഗ്രാമ പഞ്ചായത്തിൽ തീരദേശത്തോട് ചേർന്നുള്ള ഇടത്തുരുത്ത് പ്രദേശം ഏറ്റെടുത്ത് മണൽ ഖനനം തുടരുകയാണ് . 3 മുതൽ അഞ്ച് ലക്ഷത്തിന് പുറത്ത് വരെ സെൻ്റ് തിരിച്ച് വസ്തുവിന് ലഭിക്കുമെന്നിരിക്കെ അമ്പതിനായിരം രൂപയിൽ താഴെയാണ് ഐ.ആർ.ഇ കമ്പനി വസ്തുവിൻ്റെ പ്രമാണം കൈപറ്റിയ ശേഷം പ്രദേശ വാസികൾക്ക് നൽകാൻ എഗ്രിമെൻ്റ് തയ്യാറാക്കിയിരിക്കുന്നത്.

അഞ്ചു വർഷങ്ങൾക്കുള്ളിൽ ഖനനം പൂർത്തിയാക്കിയ ശേഷം വസ്തു തിരികെ നൽകാം എന്ന ഉറപ്പിന്മേലാണ് ഇത്രയും ചെറിയ തുകയ്ക്ക് കമ്പനി വസ്തു ഏറ്റെടുത്ത് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ എഗ്രിമെൻറ് തയ്യാറാക്കിയിരിക്കുന്നത്. ചവറ നാഷ്ണൽ ഹൈവേയോട് ചേർന്നുള്ള ഈ പ്രദേശം അടിസ്ഥാന സൗകര്യത്തിലും, വികസനത്തിലും മുൻപന്തിയിലുള്ള പ്രദേശമാണ് .ഇതൊക്കെ കണക്കാക്കാതെയുള്ള ഒരു തുകയാണ് മാനേജ്മെൻ്റ് ഭൂമി അളവെടുപ്പ് പൂർത്തിയാക്കിയ ശേഷം നിശ്ചയിച്ചിരിക്കുന്നത് .
ഈടായി നൽകിയ ഒരു വീട്ടമ്മയുടെ പ്രമാണവും നഷ്ടപ്പെട്ടതായി വീട്ടമ്മ പരാതിപ്പെട്ടിരുന്നു. മാനേജ്മെൻ്റിനെ പലകുറി സമീപിച്ചിട്ടും ഈടായി നൽകിയ പ്രമാണം കണ്ടെടുക്കാൻ സാധിച്ചില്ല എന്നതാണ് മാനേജ്മെൻ്റ് നൽകിയ മറുപടിയും. അതിദാരുണമായ കരിമണൽ ഖനനം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന മലിനീകരണ പ്രശ്നവും കൂടി വരികയാണ് .ആവർത്തിച്ചുള്ള ഡ്രഡ്ജിങ്ങ് ഈ തീരപ്രദേശത്തെ ശോഷണത്തിലേക്ക് തള്ളി വീഴ്ത്തിയിരിക്കുകയാണ് .
ഐ.ആർ.ഇ യും സി.എം.ആർ.എല്ലും ചേർന്ന് ബ്ലോക്കുകളായി തിരിച്ചാണ് ഈ പ്രദേശത്ത് കരിമണൽ ഖനനം നടത്തി വരുന്നത് . ഹെവി മിനറൽസ് സാൻഡ്സ് എന്നറിയപ്പെടുന്ന ഇൽമനൈറ്റ് , റൂട്ടൈൻ, സില്ലിമ നൈറ്റ് , മോണോസൈറ്റ് , സിലിക്കൺ എന്നീ ധാതുമണലുകളാണ് ഖനനത്തിലൂടെ വേർതിരിച്ചെടുക്കുന്നത് .ആവർത്തിച്ചുള്ള കരിമണൽ ഖനനം പ്രകൃതിദുരന്തങ്ങൾക്ക് വരെ വഴിവെക്കും എന്നിരിക്കെ അധിവസിക്കുന്ന ജനങ്ങളുടെ സ്ഥലം കബളിപ്പിച്ച് കൈവശപ്പെടുത്തി ദ്രുതഗതിയിൽ ഖനനം ഈ പ്രദേശത്ത് പുരോഗമിക്കുകയാണ് .
കടലിനും കായലിനുമിടയിൽ മണൽ ബണ്ടു പോലെയുള്ള ഈ പ്രദേശം ബ്രൗൺ ഇൽമനൈറ്റ് , തോറിയം , സിന്തറ്റിക് റൂട്ടൈൻ അടക്കം ധാതുക്കളും , അസംസ്കൃത വസ്തുക്കളാലും സമ്പുഷ്ടവുമാണ് .ഭൂരിപക്ഷം മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന ഈ പ്രദേശം ഖനനം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്ന സത്യം തിരിച്ചറിയാതെയാണ് ഇവിടെ തുടരുന്നത് . മാത്രമല്ല ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിക്കാതെയാണ് ഇവിടെ ശക്തമായ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നത് . ഇതിലൂടെ ഹൃദയാഘാതം വരെ ഉണ്ടാകുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ജനങ്ങളെ അലട്ടുന്നത് .
ജനകീയ സമരങ്ങളോ , പരിസ്ഥിതി വാദികളോ ശബ്ദമുയർത്താത്തതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതും കമ്പനിക്ക് മുതൽകൂട്ടാണ് എന്ന് പറയേണ്ടി വരുന്നു . പ്രദേശ വാസികൾക്ക് തൊഴിൽ നൽകാതെ , വസ്തുവിന് ആധാരത്തിൻ്റെ പുറത്ത് മാന്യമായ തുക നൽകാതെ കബളിപ്പിച്ചാണ് പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ സി.എം.ആർ എൽ കമ്പനിക്ക് കോടികൾ ലാഭം വിറ്റ് വരവായി ലഭിക്കുന്ന ഈ എഗ്രിമെൻറുമായി മുന്നോട്ട് പോവുന്നത് .
പ്രദേശത്തെ ദുർബല വിഭാഗങ്ങളായ ജനങ്ങളെ കബളിപ്പിച്ചാണ് വിദേശത്ത് കോടികൾ വിലമതിക്കുന്ന ഈ ധാതു സമ്പത്ത് ഈ പ്രദേശത്തു നിന്നും ഖനനം നടത്തി കൈക്കലാക്കുന്നത് . സംരക്ഷണ വേലി പോലും കെട്ടാതെ ആഴത്തിൽ ഖനനം നടത്തി ലോറികളിൽ ധാതുമണൽ സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ഈ പ്രദേശത്തെ നിത്യ കാഴ്ചയാണ് . കോടികളുടെ അഴിമതിയാണ് ഇപ്പോഴത്തെ ഈ ഖനനത്തിൽ ഒളിഞ്ഞിരിക്കുന്നത്. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ചവറ .
പല വിധ ത്വക്ക് രോഗങ്ങളും , ക്യാൻസർ തുടങ്ങി ജീവൻ അതിവേഗം കവരുന്ന ' രോഗങ്ങളും ഇവിടുത്തെ ജനങ്ങളിൽ അണു പ്രസരണ ശേഷിയുള്ള ധാതുമണൽ ഖനനത്തിലൂടെ കടന്നു കൂടിയിട്ടുണ്ട് . ഗർഭസ്ഥ ശിശുക്കൾ തുടങ്ങി വൃദ്ധൻമാരിൽ വരെ ഈ രോഗങ്ങൾ പിടിമുറുക്കിയിരിക്കുന്നുവെന്ന് ഇവിടെ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട് . സിലിക്ക , സിർക്കോ , ഗ്രാനൈറ്റ് എന്നിവ പെയിൻ്റ് , തുണിത്തരങ്ങൾ , പ്ലാസ്റ്റിക് , റബ്ബർ ഉൽപ്പന്നങ്ങൾ തുടങ്ങി യുദ്ധോപകരണങ്ങളും ബഹിരാകാശ യാനങ്ങളും നിർമ്മിക്കാൻ കഴിയുന്നവയാണ്.
പ്രധാനമായും സിറാമിക് വ്യവസായത്തിനും , അണുശക്തിക്കും ഉതകുന്ന ഇൽമനൈറ്റും റൂട്ടൈലും ഈ ഖനനത്തിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നുണ്ട് . പല ഘട്ടങ്ങളായി നടക്കാൻ പോകുന്ന ഖനനത്തിലൂടെ കോടികൾ വിറ്റ് ആദായം ലഭിക്കുന്ന ഈ ധാതുക്കളാവും ഈ തീരദേശ പ്രദേശത്തു നിന്നും ആഴത്തിൽ ഡ്രഡ്ജിംഗ് നടത്തി കുഴിച്ചെടുക്കുക .
ഹരികൃഷ്ണൻ . ആർ
Chavara Karithura - Idathuruth residents tearfully their land Black sand mining costing crores progressing
