ജാ​ഗ്രത കടുപ്പിക്കുന്നു; ജയ്സാൽമീറിൽ വൈകീട്ട് ആറ് മുതൽ നാളെ രാവിലെ ആറ് വരെ ബ്ലാക്കൗട്ട്

ജാ​ഗ്രത കടുപ്പിക്കുന്നു; ജയ്സാൽമീറിൽ വൈകീട്ട് ആറ് മുതൽ നാളെ രാവിലെ ആറ് വരെ ബ്ലാക്കൗട്ട്
May 9, 2025 04:22 PM | By Athira V

ജയ്‌പൂർ: ( www.truevisionnews.com) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ രാജസ്ഥാനിലും ജാ​ഗ്രത കടുപ്പിക്കുന്നു. ജയ്സാൽമീറിൽ 5 മണിയോടെ ചന്തകളെല്ലാം അടയ്ക്കാൻ നിർദേശം നല്‍കി. വൈകീട്ട് 6 മുതൽ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളിൽ യാത്ര കർശനമായി വിലക്കി. സൈനിക കേന്ദ്രങ്ങൾക്ക് 5 കി.മീ. ചുറ്റളവിലാണ് കർശന നിയന്ത്രണങ്ങൾ. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. റോഡുകളിൽ യാത്രകൾ വിലക്കുമെന്നും മുന്നറിയിപ്പ്. ഇന്നലെ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലമാണ് ജയ്സാൽമീർ.

അതേസമയം, ദില്ലി വിമാനത്താവളത്തിൽ ചില വിമാനങ്ങളുടെ സമയക്രമം മാറിയേക്കും. നിലവിൽ ഉള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. യാത്രക്കാർ ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്നും എയർലൈൻസുകളുമായി ബന്ധപ്പെടണമെന്നും ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. പാക് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിരവധി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റിയും പ്രത്യേക നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര - അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.

കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സർക്കാരും നോർക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘർഷത്തിനിടയിൽ കുരുങ്ങിയവർക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവർക്കും ഫോണ്‍- ഇ-മെയിൽ- ഫാക്സ് എന്നിവ മുഖേന വിവരം കൈമാറാം. കേരളീയരെ സുക്ഷിതമായി തിരിച്ചെത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.





operation sindoor high alert rajasthan blackout jaisalmer 6pm 6am tomorrow

Next TV

Related Stories
Top Stories










Entertainment News