കണ്ണൂർ: ( www.truevisionnews.com ) ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.
ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.
.gif)

ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്.
Govindachamy crucial statement it took a month and a half to cut the ties the goal was to reach Guruvayur and commit the theft
