കണ്ണൂർ: ( www.truevisionnews.com) സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടിയിലായതായി സൂചന. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന.
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.
.gif)

തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു.
ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു.
ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്.
Govindachamy arrested The notorious criminal who escaped from jail was caught from Kannur city
