ന്യൂഡൽഹി: (truevisionnews.com) മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പിയും. കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. വി എസ് അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും സ്പർശിച്ച എല്ലാവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.
വി എസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്നായിരുന്നു രാഷ്ട്രപതി പറഞ്ഞത്.
.gif)

ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയ നേതാവാണ് വി എസ് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പൊതുജീവിതത്തിനും ജനക്ഷേമത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
Priyanka Gandhi says VS achuthanandan contributions to Kerala and the nation will always be remembered
