തലശ്ശേരി: ( www.truevisionnews.com ) എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പഴയ ബസ് ബസ്റ്റാന്റിനു സമീപത്തുള്ള ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി സ്വദേശിയായ കെ എം റിഷാദ്, തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ സി പി കെ നദീം എന്നിവരെ പിടികൂടിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കുവാൻ വിസമ്മതിച്ചു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരിൽ നിന്നും 15.49 ഗ്രാം എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
.gif)

തലശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി വി ബിജു പ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്ഐ പി പി ഷമീലിന്റെ നേതൃത്വത്തിൽ എസ്ഐ ഷാഫത്ത് മുബാറക്ക്, എസ്ഐ രാജീവൻ, എസ്‍സിപിഒ പ്രവീഷ്, എസ്‍സിപിഒ നസീൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അതേസമയം കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ (37) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
എരഞ്ഞിപാലം ജങ്ഷനു സമീപം ബാഗിൽ കൊണ്ടുവന്ന 18.379 കി.ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഒഡിഷയിൽനിന്നു ട്രെയിൻമാർഗം ബംഗളൂരു-മൈസൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
മറ്റ് ജോലികൾക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകുന്നതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിന്‍റെ നിരീക്ഷണം ശക്തമാക്കി.
ഡാൻസാഫ് ടീമിലെ എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി.പി.ഒ മാരായ കെ. അഖിലേഷ്, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, ടി.കെ. തൗഫീഖ്, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ്ദ് മഷ്ഹൂർ, ഇ.വി. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ സാബുനാഥ്, ജാക്സൺ ജോയ്, എസ്.സി.പി.ഒമാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Two arrested with deadly drugs in Thalassery
