തിരുവനന്തപുരം: ( www.truevisionnews.com ) പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ.. അതുപോലെ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പിടികൂടി പാറശാല പോലീസ്. നിരവധി മോഷണ കേസിലെ പ്രതിയായ പളുകല്‍ തേരുപുറം സ്വദേശി ജയകുമാര്‍ (55) ആണ് പാറശാല പോലീസിന്റെ പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാര്‍.
1996 കാലഘട്ടത്തില്‍ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു. പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണ്‍ ഉള്‍പ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല എന്നതും പോലീസിന് വലിയ വെല്ലുവിളിയായിരുന്നു.
.gif)

തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് ജയകുമാര്‍ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പാറശാല പോലീസ് ജയകുമാറിനായി വല വിരിച്ചത്.
പാറശ്ശാല എസ്‌ഐ ദീപു എസ്.എസിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒമാരായ സാജന്‍, വിമല്‍രാജ്, അനില്‍കുമാര്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചയോടെ ജയകുമാറിനെ പിടികൂടിയത്. ഇയാളെ അടുത്തദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച, ധനുവച്ചപുരം പ്രസാദിനെ മോഷണശ്രമത്തിനിടയില്‍ കൊലപ്പെടുത്തി കടന്നുകളഞ്ഞ രാജപ്പനെ 30 വര്‍ഷങ്ങള്‍ക്കുശേഷം പാറശാല പിടികൂടിയത് കഴിഞ്ഞ മാസമായിരുന്നു.
Police nab fugitive who was on the run for 30 years
