തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ഏജന്‍സികളെ എല്ലാം വെട്ടിച്ചെത്തിയ സംഘത്തില്‍ നിന്ന് നാടകീയമായാണ് കോടികള്‍ വിലവരുന്ന എംഡിഎംഎ പോലീസ് പിടികൂടിയത്.പോലീസിന്റെ കണ്ണ് വെട്ടിക്കാനായി പിക്കപ്പ് വാനില്‍ കടത്തിയ ലഹരിയാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടാനായത്.
സംഭവത്തില്‍ സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണന്‍(39), പ്രവീണ്‍ (35) എന്നിവരാണ് പിടിയിലായത്. ഒമാനില്‍നിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡിഎംഎയും 17 ലിറ്റര്‍ വിദേശ മദ്യവും അടങ്ങുന്ന കോടികള്‍ വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.
.gif)

ലഹരി മാഫിയയ്ക്കിടയില്‍ ഡോണ്‍ എന്നറിയപ്പെടുന്ന സഞ്ജുന്റെ നേതൃത്വത്തിലായിരുന്നു കടത്ത് എന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ ഒമാനില്‍ നിന്നാണ് ലഹരിയുമായി സഞ്ജുവും കുടുംബവും മറ്റൊരു പ്രതിയായ നന്ദുവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്.
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി ശേഷം ഇവര്‍ കല്ലമ്പലം ഭാഗത്തേക്ക് ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചത്. ഇവരുടെ ലഗേജുമായി പിറകിലായി ഒരു പിക്കപ്പ് വാനുമെത്തി. ഉണ്ണിക്കണ്ണനും പ്രവീണുമാണ് ഈ പിക്കപ്പ് വാനിലുണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. കല്ലമ്പലത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞു പരിശോധന നടത്തി. ഇന്നോവയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പിക്കപ്പ് വാന്‍ പരിശോധിച്ചപ്പോള്‍ ഈന്തപ്പഴ ടിന്നില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തു. മദ്യവും പിടികൂടി.
സഞ്ജു നേരത്തെയും ലഹരി കേസില്‍ പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും മറ്റുമാണ് ഇയാള്‍ വിദേശത്ത് നിന്ന് ലഹരി അയച്ചിരുന്നത്. തന്റേതല്ല ഇപ്പോള്‍ പിടികൂടിയ ലഹരിയടങ്ങുന്ന ലഗേജ് എന്ന നിലപാടിലാണ് ഇപ്പോഴും സഞ്ജുവുള്ളത്. എന്നാല്‍ സഞ്ജുവിന്റെതാണ് ലഗേജ് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടില്‍ പട്ടികളെ വളര്‍ത്തി ലഹരി സൂക്ഷിക്കുന്ന പതിവ് ഇയാള്‍ക്ക് ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. പരിശോധനയ്ക്ക് എത്തുന്ന പോലീസുകാര്‍ക്ക് നേരെ പട്ടികളെ അഴിച്ച് വിടുമായിരുന്നെന്നും പോലീസ് അറിയിച്ചു.
thiruvananthapuram mdma drug bust case Tinned dates smuggled city worth crores
