അടൂർ(പത്തനംതിട്ട) : ( www.truevisionnews.com ) കേരളത്തിൽ മഴക്കാലം കൂലിപ്പണിക്കാർക്ക് വറുതിയുടെ കാലമാണ്. നിർമാണ തൊഴിലാളികളാണെങ്കിൽ പറയുകയും വേണ്ട. മഴക്കാലം പുരോഗമിക്കുന്നത് കൂലിപ്പണിക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ടാകും. അങ്ങനെ മഴക്കാലത്ത് പണി കുറഞ്ഞതോടെ ഭാസ്കരന് തോന്നിയ ആശയം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
'കൂലിപ്പണിക്കാരൻ' എന്ന് വച്ച് ഒരു വിസിറ്റിങ് കാർഡ് ഇറക്കി. എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുമെന്ന അടിക്കുറിപ്പോടെ അവസാനിക്കുന്ന കാർഡിൽ ഭാസ്കരന്റെ ചിത്രത്തിനൊപ്പം മൊബൈൽ നമ്പരും മേൽവിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്.
.gif)

അടൂർ മണക്കാല ചിറ്റാണി മുക്ക് അനൂപ് ഭവനിൽ ഭാസ്കരൻ(51) ഇന്ന് നാട്ടിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലാകെ താരമാണ്. ചൂരക്കോട് പ്രവർത്തിക്കുന്ന ശ്രീ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന മനോജാണ് ഈ വിസിറ്റിങ് കാർഡ് തയാറാക്കി നൽകിയത്. ഒരുദിവസം അവിചാരിതമായി സ്റ്റുഡിയോയിൽ എത്തിയ ഭാസ്കരൻ കടയുടെ കാർഡ് കണ്ടു. ഇതോടെ തന്റെ പേരിലും കാർഡ് വേണമെന്ന ആഗ്രഹം മനോജിനോട് പറഞ്ഞു. ഇത്തരത്തിൽ കാർഡ് ആളുകൾക്ക് കൊടുത്താൽ മറക്കാതെ ജോലിക്ക് വിളിക്കുമായിരിക്കും എന്നൊരു ചോദ്യവും മനോജിനോട് ചോദിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ ഒരു പത്ത് കാർഡ് തനിക്കും അടിക്കാൻ ഭാസ്കരൻ പറഞ്ഞതോടെയാണ് കൂലിപ്പണിക്കാരൻ എന്ന കാർഡ് ഉണ്ടാകുന്നത്. പത്ത് കാർഡാണ് ഭാസ്കരൻ പറഞ്ഞതെങ്കിലും ഇരുപത് കാർഡ് മനോജ് ഭാസ്കരന് അടിച്ചുനൽകി. മനോജ് തന്നെയാണ് കാർഡ് ഡിസൈൻ ചെയ്തതും. ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്രം, ചാത്തന്നൂപ്പുഴ മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. നിലവിൽ പണിക്ക് കുറവില്ലെങ്കിലും കാർഡ് കണ്ട് കൂടുതൽ പേർ വിളിച്ചാൽ പണിയില്ലാതെ ഇരിക്കുന്നവർക്ക് നൽകാമെന്ന തീരുമാനത്തിലാണ് ഭാസ്കരൻ.
visiting card of bhaskaran a daily wage labourer goes viral pathanamthitta adoor
