( www.truevisionnews.com ) വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൌമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയമായൊരു ഐപിഎൽ സീസണാണ് കടന്നു പോയത്. കെസിഎല്ലിലേക്ക് എത്തുമ്പോഴും കൗമാരക്കാരുടെ നീണ്ടൊരു നിര തന്നെ ഇത്തവണ ലേലപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇവരിൽ ചിലർ കഴിഞ്ഞ സീസണിൽ തന്നെ ചില ടീമുകളിൽ ഇടം നേടിയിരുന്നു.ഇത്തവണ ഇവരെ ഏതൊക്കെ ടീമുകൾ സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
കേരളത്തിൻ്റെ അണ്ടർ 19 ക്യാപ്റ്റനായ അഹ്മദ് ഇമ്രാന് ഇത് കെസിഎല്ലിലെ രണ്ടാം സീസണാണ്. ടീമിൻ്റെ ബാറ്റിങ് നെടുംതൂണായ അഹ്മദ് ഓഫ് സ്പിന്നർ കൂടിയാണ്. കഴിഞ്ഞ രഞ്ജി ഫൈനലിലൂടെ കേരളത്തിൻ്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. കുച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ അണ്ടർ 19 ടീം വരെയെത്തിയ മൊഹമ്മദ് ഇനാനാണ് മറ്റൊരു താരം.
.gif)

ഇപ്പോൾ ഇംഗ്ലണ്ടിൽ ദേശീയ അണ്ടർ 19 ടീമിനൊപ്പം പര്യടനം തുടരുന്ന ഇനാൻ, ലെഗ് സ്പിന്നിൽ ഇന്ത്യയുടെ ഭാവി താരമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിലും ഇനാൻ കെസിഎൽ കളിച്ചിരുന്നു. ആദ്യ സീസണിൽ ചില ശ്രദ്ധേയ ഇന്നിങ്സുകളുമായി കളം നിറഞ്ഞ താരമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ജോബിൻ ജോബി. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ഫാസ്റ്റ് ബൌളിങ് ഓൾറൌണ്ടർ കൂടിയാണ്.
കെസിഎ പ്രസിഡൻസ് കപ്പിൽ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ജോബിനായിരുന്നു പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടത്. കുച്ച് ബിഹാർ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ തിളങ്ങിയ ആദിത്യ ബൈജുവാണ് മറ്റൊരു താരം. എംആർഎഫ് പേസ് ഫൌണ്ടേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിത്യയുടെ കരുത്ത് മികച്ച വേഗവും കൃത്യതയുമാണ്.
ഇത്തവണത്തെ ലേലപ്പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാൾ മാനവ് കൃഷ്ണയാണ്. വെറും 16 വയസ്സ് മാത്രം പ്രായമുള്ള മാനവ്, കഴിഞ്ഞ എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പല മല്സരങ്ങളിലും നിർണ്ണായക ഇന്നിങ്സുമായി കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണ്ണായക പങ്കു വഹിച്ചത് മാനവിൻ്റെ പ്രകടനമായിരുന്നു. ആദി അഭിലാഷ്, വിധുൻ വേണുഗോപാൽ , അദ്വൈത് പ്രിൻസ്, ജെയ്വിൻ ജാക്സൻ തുടങ്ങി, കൌമാരക്കാരുടെ നീണ്ടൊരു പട്ടിക തന്നെ ഇത്തവണത്തെ ലേലത്തിനുണ്ട്.
Kerala Cricket League for Teenagers long line talents waiting for their chance
