കണ്ണൂർ : ( www.truevisionnews.com ) മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്-സി.പി.എം സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ; പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്' -കെ. സുധാകരൻ എം.പിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്നലെ യൂത്ത് കോൺഗ്രസ് പദയാത്രക്കിടെ മലപ്പട്ടത്തുണ്ടായ സംഘർഷത്തിൽ 50 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും 25 സി.പി.എം പ്രവർത്തകർക്കെതിരെയും മയ്യിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മലപ്പട്ടത്ത് അക്രമം അഴിച്ചുവിട്ടത് സി.പി.എമ്മുകാരാണെന്നും, സി.പി.എം അക്രമികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് വിമർശിക്കുന്നു.
സി.പി.എം കോട്ടയായ മലപ്പട്ടത്ത് കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജനാധിപത്യ അതിജീവന യാത്ര നടത്തിയത്. കാൽനട ജാഥ സി.പി.എം മലപ്പട്ടം ലോക്കല് കമ്മിറ്റി ഓഫിസിനു മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിയുകയായിരുന്നു.
ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ ഇന്നലെ രാത്രി വീണ്ടും തകർത്തിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
rahulmankootathil facebook post
