വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ: യാത്രക്കാർ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തണം, കർശന പരിശോധന

വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ: യാത്രക്കാർ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തണം, കർശന പരിശോധന
May 9, 2025 09:45 AM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടേണ്ട സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇന്‍, ബോര്‍ഡിങ് എന്നിവ ഉറപ്പാക്കാനാണ് വിമാനക്കമ്പനികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളങ്ങളുടെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകള്‍ക്ക് പുറമേയാണിത്. ജമ്മുവിനെയും പടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി പരാജയപ്പെടുത്തിയതിന് ശേഷമാണ് ബിസിഎഎസ് നിര്‍ദേശം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 10 വരെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് വ്യാഴാഴ്ച 430 വിമാനങ്ങളാണ് റദ്ദാക്കേണ്ടിവന്നത്. ബുധനാഴ്ച മുന്നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.




Tight security airports Passengers must arrive least three hours advance strict checks

Next TV

Related Stories
Top Stories