ഹരിപ്പാട്:(truevisionnews.com) സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം.

15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. അതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് ആക്ഷേപം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ 'പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ'ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി.
തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. പിന്മാറുന്നതായി പെണ്‍കുട്ടിയില്‍നിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്തു.
വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണഒരുക്കത്തിനു ചെലവായ തുകയും മടക്കിക്കിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
bride cancels wedding in harippadu
