ഡെറാഡൂൺ: (truevisionnews.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ ജയ് ഷായെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തരാഖണ്ഡിലെ ബിജെപി എംഎൽഎയോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ പിടിയിൽ.

പ്രിയാൻഷു പന്തെന്ന പത്തൊമ്പതുകാരനും കൂട്ട് പ്രതിയുമാണ് പിടിയിലായത്. പ്രതിയായ പ്രിയാൻഷു പന്തുമായി ബന്ധമുള്ള രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി. മറ്റൊരാൾ ഇപ്പോൾ ഒളിവിലാണ്.
19-കാരനായ പന്തിനെ തിങ്കളാഴ്ച ഡൽഹിയിൽ വെച്ചും മറ്റൊരു പ്രതിയായ ഉവേശ് അഹമ്മദിനെ രുദ്രാപൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് പ്രമോദ് സിംഗ് ഡോബൽ പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റൊരു പ്രതിയായ ഗൗരവ് നാഥിനായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിദ്വാറിലെ റാണിപ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ആദേശ് ചൗഹാനോട് 5 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇതിന് പുറമെ മന്ത്രിമാരാക്കാമെന്ന് വാഗ്ദാനം നൽകി നൈനിറ്റാൾ എംഎൽഎ സരിത ആര്യ, രുദ്രാപൂർ എംഎൽഎ ശിവ് അറോറ എന്നിവരിൽ നിന്നും മൂന്ന് പ്രതികളും പണം തട്ടാൻ ശ്രമിച്ചതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഞായറാഴ്ച വൈകുന്നേരം ആദേശ് ചൗഹാന് ഒരു അജ്ഞാത നമ്പറിൽ നിന്ന് ജയ് ഷാ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫോൺ സന്ദേശം വരികയായിരുന്നു. പാർട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടു.
ചൗഹാൻ സംശയം പ്രകടിപ്പിച്ചപ്പോൾ പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഫോൺ വിളിച്ചയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.
#Suspects #who #tried #extort #money #from #BJP #MLAs #behalf #amitShah's #son #JaiShah #arrested
