കോഴിക്കോട് : ( www.truevisionnews.com) ഉള്ള്യേരി ടൗണിൽവെച്ച് യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.

ബാലുശ്ശേരി സ്വദേശിയായ നസീമുദ്ദീൻ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽവെച്ചാണ് പിടിയിലായത്.
കേസിൽ രണ്ടാം പ്രതിയാണ് നസീമുദ്ദീൻ. ഇയാളുൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ബാലുശ്ശേരി സ്വദേശിയായ ഒന്നാം പ്രതി ഷമീജ്, കോക്കല്ലൂരിലെ അപ്പാനി, കോഴിക്കോട് സ്വദേശി കുഞ്ഞാവ, ഉള്ളേരി സ്വദേശി ആദർശ് എന്നിവരാണ് പിടിയിലാവാനുള്ളത്.
ജനുവരി 12ന് രാത്രി 12 മണിക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉള്ള്യേരി സ്വദേശിയായ നിഷാദിനാണ് മർദ്ദനമേറ്റത്. പ്രതികളായ അഞ്ച് പേരും ഒരു സ്‌കൂട്ടർ യാത്രക്കാരനെ മർദ്ദിക്കുന്നത് കണ്ട് ഇത് തടയാൻ ശ്രമിച്ചതായിരുന്നു നിഷാദ്.
സ്‌കൂട്ടർ യാത്രികനെ നിഷാദ് പിടിച്ചുമാറ്റിയതിൽ പ്രകോപിതരായ പ്രതികൾ നിഷാദിനെ കൈകൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ അത്തോളി പൊലീസ് ഇൻസ്പെക്‌ടർ സജയ്, എസ്.ഐ.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
#youth #hit #head #ironpipe #Ullyeri #Kozhikode #accused #who #tried #enter #abroad #arrested
